ചാത്തന്നൂർ: ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും തുടങ്ങി വച്ച നവോത്ഥാന മൂല്യങ്ങൾ വെല്ലുവിളി നേരിടുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ. എം.പി. ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയനിൽ നടന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ആചാരവും അനുഷ്ഠാനവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങൾ ഒരിക്കൽ കൂടി ശക്തമായ വേർതിരിവ് ഉണ്ടാക്കിയിരിക്കുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലാണ് ആർ.ശങ്കറിന് മുന്നിൽ കേരളം കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ അംഗം എന്ന നിലയിൽ എല്ലാ നവോത്ഥാന മൂല്യവും ഉയർത്തിപ്പിടിച്ചു തന്നെ ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി നല്ല പദ്ധതികൾ അദ്ദേഹം നടപ്പാക്കി.ഗുരുദേവന്റെ വിദ്യകൊണ്ട് പ്രബുദ്ധരാ വു ക എന്ന സന്ദേശം പ്രാവർത്തികമാക്കിയ നേതാവായിരുന്നു അദ്ദേഹം.തികഞ്ഞ മതേതരവാദിയായിരുന്നു. മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണ് ശങ്കറെന്നും പ്രേമചന്ദ്രൻ അനുസ്മരിച്ചു.
യൂണിയൻ പ്രസിഡൻറ് ബി.ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.എൽ.വിനയകുമാർ, ഡി.സജീവ്, കെ.വിജയകുമാർ, ബി.സജൻ ലാൽ, തഴുത്തല.എൻ.രാജു, ശോഭനാ ശിവാനന്ദൻ, ബീനാ പ്രശാന്ത്, ജി.രാജേഷ്, കെ.സുജയ്കുമാർ, കെ.നടരാജൻ എന്നിവർ പ്രസംഗിച്ചു.