കൊല്ലം: ദേശീയ നിലവാരത്തിലുള്ള റോളർ സ്കേറ്റിംഗ് റിങ്ക് കൊല്ലത്ത് നിർമിക്കാനും സ്കേറ്റിംഗ് താരങ്ങൾക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി. കൊല്ലത്ത് നടന്ന സബ് ജൂനിയർ, ജൂനിയർ, സീനിയർ ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻ ഷിപ്പിന്റെ സമാപന സമ്മാനദാന ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ വരാനിരിക്കുന്ന ഒളിമ്പിക്സ് മുന്നിൽക്കണ്ട് ഒരുപാട് കാര്യങ്ങൾ നിർവ്വഹിക്കുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം താഴേക്ക് വരുന്നില്ലെന്ന് എംപി പറഞ്ഞു. ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി .ആർ ബാലഗോപാൽ, ടി. സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് എംപി മെഡൽ വിതരണം നടത്തി. അർഹത നേടിയവർ എറണാകുളം, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ (സ്പീഡ്, റോളർ ഹോക്കി, സ്ലാലം) ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു.