കൊല്ലം: മത – ആത്മീയ വിശ്വസത്തിന്റെ മൂല്യങ്ങൾ ശരിയായ അർഥത്തിൽ ഗ്രഹിക്കുകയും ഹൃദയത്തിൽ ഉൾക്കൊള്ളുകയും ചെയ്യുന്ന ഏതൊരു വിശ്വാസിക്കും തീവ്ര ചിന്ത മനസിൽ ജനിക്കില്ലെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു.
നാഷണൽ മുസ്ലിം കൗണ്‍സിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മതസൗഹാർദ സമ്മേളനവും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം ലോകത്ത് ഏറ്റവും കൂടുതൽ സംഘർഷത്തിന് നിദാനമായിട്ടുള്ളത് മതതീവ്രവാദമാണ്.
ഇതിന് വിരാമം കുറിക്കാൻ പരിശുദ്ധ ഖുർ-ആൻ ഉൾപ്പെടെയുള്ള ആത്മീയ ആശയങ്ങൾ ശരിയായി ജീവിതത്തിൽ പരിപാലിക്കാൻ നാം സന്നദ്ധമാവുക എന്നതാണ് ഏക പോംവഴി.ജീവിതകാലം മുഴുവൻ അത്തരം ഒരു അവസ്ഥ പ്രധാനം ചെയ്യാൻ നോന്പ്് കാലം പ്രചോദനം നൽകട്ടെയെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എ.റഹിംകുട്ടി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എ.ഷാനവാസ്ഖാൻ മുഖ്യപ്രഭാഷണം നടത്തി. കെഡിഎഫ് സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ, കെപിസിസി നിർവാഹസമിതി അംഗം കോയിവിള രാമചന്ദ്രൻ, ഫാ.ഡോ.ഭാനുസാമുവൽ, ഫാ. സുഗുണ്‍ ലിയോണ്‍, എസ്.സുവർണ കുമാർ, സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ജെ.എം.അസ്ലം, നജുമുദീൻ മൗലവി, ഗീതാകൃഷ്ണൻ, ലത്തീഫ് ഒറ്റതെങ്ങിൽ എം.ഇബ്രാഹിം കുട്ടി, യൂത്ത് വിംഗ് പ്രസിഡന്റ്, എ.ജംങ്കീഷ്ഖാൻകുരീപ്പുഴ ഷാനവാസ്, അർത്തീയിൽ അൻസാരി തുടങ്ങിയവർ പ്രസംഗിച്ചു.