കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. യെമനിലെ സനയിൽ എത്തിയ പ്രേമകുമാരിയോടും സഹായി സാമുവൽ ജെറോമിനോടും ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ് നിർദേശം.
നിമിഷ പ്രിയയെ 12 വർഷത്തിന് ശേഷമായിരിക്കും അമ്മ കാണുക. 2012ലാണ് പ്രേമകുമാരി നിമിഷ പ്രിയയെ അവസാനമായി കണ്ടത്. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയാണ് പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം വഴി ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.
2012ലാണ് നിമിഷ പ്രിയ യെമനില്‍ നഴ്സായി ജോലിക്കു പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലി നേടി. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു.
യെമന്‍ പൗരന്റെ ഉത്തരവാദിത്വത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാകില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു.
ഇടയ്ക്ക് ഇവര്‍ നാട്ടിലേക്കു മടങ്ങിയെത്തിയെങ്കിലും പിന്നീട് നിമിഷ പ്രിയ മാത്രമാണ് യെമനിലേക്കു പോയത്. തുടര്‍ന്ന് തലാല്‍ അബ്ദുള്‍ മഹ്ദിയില്‍ നിന്നുണ്ടായ മാനസിക, ശാരീരിക പീഡനത്തില്‍ നിന്നു രക്ഷപ്പെടാനായി 2017ല്‍ മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്ക്കെതിരേയുള്ള കേസ്.