കൊരട്ടി: വിവാഹാഭ്യർഥന നിരസിച്ച തമിഴ്നാട് സ്വദേശിനിയായ യുവതിയുടെ ഇരുചക്ര വാഹനം കത്തിച്ച സംഭവത്തിൽ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു.
കൊരട്ടി കിൻഫ്ര പാർക്കിന് സമീപം താമസിക്കുന്ന കണ്ണങ്കോട് വീട്ടിൽ നിസാമുദീനെയാണ് (42) കോടതി റിമാൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടിൽ ഇന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
കൊരട്ടി ലത്തീൻ പള്ളിക്കു സമീപം താമസിക്കുന്ന മുത്തുമാരിയുടെ ഇരുചക്രവാഹനമാണു കഴിഞ്ഞ ദിവസം രാത്രിയിൽ നിസാമുദ്ദീൻ കത്തിച്ചത്. നിരവധി കേസുകളിൽ പ്രതിയാണു നിസാമുദ്ദീനെന്ന് പോലീസ് പറഞ്ഞു.
പല തവണ ഇയാൾ വിധവയായ യുവതിയോടു വിവാഹാഭ്യർഥന നടത്തിയിരുന്നു. കൂടാതെ പലതവണ ഇയാൾ ഭീഷിണിപ്പെടുത്തുകയും ചെയ്തിരുന്നുവത്രേ.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഭീഷിണിയുണ്ടായെന്ന് യുവതി കൊരട്ടി സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. കൊരട്ടി സി ഐ ബി.കെ. അരുണ്‍, എസ്ഐമാരായ ഷാജു എടത്താടൻ, സി.എസ്. സൂരജ്, സി.എൻ. എബിൻ, സീനിയർ സിപിഒമാരായ വി.ആർ. രഞ്ജിത്ത്, കെ.എ. പ്രദീപ്, സിപിഒ ദീപു എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.