കോട്ടയം: മനഃശാന്തി തേടിയുളള പരക്കംപാച്ചിലിൽ യഥാർത്ഥ ആത്മീയ നേതാക്കൾക്കു പകരം കള്ള നാണയങ്ങൾക്കു മുന്നിൽ അകപ്പെട്ട് ചൂഷിതരാകുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്ന് വനിതാ കമ്മീഷനംഗം ഡോ. ജെ.പ്രമീളാ ദേവി. കോട്ടയത്തു നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു പ്രമീളാദേവി.
സ്ത്രീകളുടെ അമിതമായ ആത്മീയ വിശ്വാസം മുതലെടുത്താണ് ഇവരെ ചതിക്കുഴിയിൽ വീഴ്ത്തുന്നത്. സ്ത്രീ സംരക്ഷണത്തിന് വളരെ ശക്തമായ സംവിധാനങ്ങൾ സജ്ജമാണെങ്കിലും ഒൗദ്യോഗിക രംഗത്തും വീടുകളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകൾക്കു നേരെയുളള കുറ്റകൃത്യങ്ങൾക്ക് കുറവ് വന്നിട്ടില്ലെന്നാണ് കമ്മീഷന്റെ നിരീക്ഷണം.
കമ്മീഷനിൽ ലഭിക്കുന്ന കേസുകളുടെ എണ്ണവും വർധിക്കുകയാണ്. മദ്യഷോപ്പുകൾക്ക് പൂട്ടുവീണ സാഹചര്യത്തിൽ മദ്യലഹരിയിൽ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങൾ കുറഞ്ഞിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് പഠനങ്ങൾ അനിവാര്യമാണെന്നും കമ്മീഷനംഗം പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ പരിഗണിച്ച 65 കേസുകളിൽ 30 എണ്ണം തീർപ്പാക്കി. അന്വേഷണത്തിനായി 15 കേസുകൾ പോലീസിനും എട്ടെണം ആർഡിഒയ്ക്കും കൈമാറി. 12 കേസുകൾ അടുത്ത അദാലത്തിലേക്ക് പരിഗണിക്കാനായി മാറ്റിവച്ചു.