കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി കാക്കവയൽ പട്ടികവർഗ ഹോസ്റ്റലിൽ വാർഡൻ ജാതി വേർതിരിവ് കാണിച്ചുവെന്ന പരാതിയിൽ അന്വേഷണ വിധേയമായി വാർഡനെ മാറ്റിനിർത്തി. ഹോസ്റ്റൽ വാർഡൻ എം.വി. വീണയെയാണ് താത്കാലികമായി മാറ്റി നിർത്താൻ മാനന്തവാടി ടിഡിഒ ഉത്തരവിട്ടത്.
തൃശിലേരി സ്വദേശിനിയായ വീണ എന്ന ഹോസ്റ്റൽ വാർഡനെതിരെയാണ് തൃശിലേരി ട്രൈബൽ ഹോസ്റ്റലിലെ 72 വിദ്യാർഥിനികൾ കഴിഞ്ഞയാഴ്ച ടിഡിഒ യ്ക്ക് പരാതി നൽകിയിരുന്നത്. ജാതി വിവേചനം കാണിക്കുകയും തങ്ങളോട് സംസാരിക്കാനും വാർഡൻ തയാറാകുന്നില്ല.
ഉയർന്ന ജാതിയുടെ പേരിൽ ഒരു തുള്ളി വെള്ളം പോലും ഹോസ്റ്റലിൽ നിന്ന് വാർഡൻ ഉപയോഗിക്കുന്നില്ല. അടുത്ത് പോകാൻപോലും വാർഡൻ അനുവദിക്കില്ലെന്നും കുട്ടികൾ പരാതിയിൽ പറയുന്നു. വാർഡൻ ഉയർന്ന ജാതിയിൽപ്പെടുന്ന വ്യക്തിയാണെന്നും ആദിവാസി വിഭാഗത്തിൽപ്പെട്ട തങ്ങളോട് അതുകൊണ്ടാണ് വാർഡൻ ഇങ്ങനെ പെരുമാറുന്നതെന്നുമാണ് വിദ്യാർഥിനികൾ പറയുന്നത്.
വാർഡന്റെ മാനസിക പീഡനം ഇനി ഒരു ദിവസം കൂടി സഹിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഉടൻ നടപടി ആവശ്യമാണെന്നും കാണിച്ചാണ് പ രാതി നൽകിയിരുന്നത്. ഒ.ആർ. കേളു എംഎൽഎ ഹോസ്റ്റൽ സന്ദർശിക്കുകയും കുട്ടികളോട് ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണം നടത്താനും ആരോപണവിധേയക്കെതിരെ നടപടികൾ സ്വീകരിക്കാനും എംഎൽഎ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ഹോസ്റ്റലിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും വാർഡനെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരം തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് കഐസ്യു പ്രവർത്തകർ മാനന്തവാടി ട്രൈബൽ ഓഫീസ് ഉപരോധിക്കുകയും വാർഡനെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെടുകയും ചെയ്തു. വ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മാനന്തവാടി ടിഡിഒ പ്രമോദ്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാ ദേവി, വാർഡ് മെന്പർമാരായ രാമചന്ദ്രൻ, വിഷ്ണു, സാലി തുടങ്ങിയവർ ചർച്ച നടത്തുകയും ആരോപണവിധേയയായ വാർഡനെ തൽസ്ഥാനത്ത് നിന്ന് നീക്കി നിർത്താൻ ടിഡിഒ ഉത്തരവിടുകയുമായിരുന്നു.
മാനന്തവാടി ഗേൾസ് ഹോസ്റ്റൽ വാർഡനായിരിക്കും ഇനി താൽക്കാലിക ചുമതല.പുതുതായി ജേലിയിൽ പ്രവേശിച്ച വ്യക്തിയായതുകൊണ്ടുള്ള പരിചയക്കുറവ് മൂലവും വാർഡൻ ജോലിയോടുള്ള താൽപ്പര്യകുറവുമാണ് ആരോപണങ്ങൾക്ക് പശ്ചാത്തലമായതെന്നും ജാതീയ വേർതിരിവ് കാണിച്ചതായി ബോധ്യപ്പെട്ടിട്ടില്ലെന്നും ടിഡിഒ പ്രമോദ് അറിയിച്ചു.