നായക വേഷങ്ങളും കോമഡി വേഷങ്ങളും ചെയ്ത് പ്രേക്ഷക മനസിൽ ഇടം നേടിയ നടനാണ് പ്രേം കുമാർ. ഇപ്പോഴിതാ പരസ്യ ചിത്രങ്ങളെ കുറിച്ചും സീരിയലുകളേ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ല എന്നത് പണ്ട് മുതൽക്കേ താനെടുത്ത തീരുമാനമാണെന്ന് പ്രേം കുമാർ വ്യക്തമാക്കി.
പരസ്യ ചിത്രങ്ങളിൽ അഭിനയിക്കില്ലന്ന് എന്റെ നിലപാടാണ്. ഒരു ഉത്പന്നം പരസ്യം ചെയ്യണമെങ്കിൽ ആദ്യം സ്വയം ഉപയോഗിച്ച് നോക്കണം. ഉദാഹരണത്തിനു സോപ്പ് തേച്ചാൽ ചൊറിച്ചിൽ മാറുമെന്ന് പറയണമെങ്കിൽ ആദ്യം എനിക്ക് ചൊറി വരണം. ആ സോപ്പ് ഉപയോഗിച്ച് എന്റെ ചൊറിച്ചിൽ മാറിയ ശേഷം വേണം അത് പരസ്യം ചെയ്യാനെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് എത്ര പണം പ്രതിഫലം ലഭിച്ചാലും പരസ്യങ്ങളിൽ അഭിനയിക്കില്ലന്നത് സ്വന്തം നിലപാടാണ്. ഹൃദയത്തോട് ചേർത്ത്വച്ച ജനതയോട് എന്റെ മനസാക്ഷിയെ വഞ്ചിച്ച് സംസാരിക്കാൻ കഴിയില്ല. ഉത്തമ ബോധ്യം ഇല്ലാത്ത ഒന്നിനെ കുറിച്ചും പറയാൻ എനിക്കാവില്ല. സമൂഹത്തോടുള്ള എന്റെ പ്രതിബദ്ധത കൂടിയാണ് അതെന്ന് പ്രേം കുമാർ കൂട്ടിച്ചേർത്തു.
ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ അപകടകരമാണെന്നും പ്രേം കുമാർ അഭിപ്രായപ്പെട്ടു. കുടുംബബന്ധങ്ങളെ തന്നെ ശിഥിലമാക്കുന്ന തരത്തിലുള്ള ചില സീരിയലുകളിൽ ഞാൻ അഭിനയിക്കില്ല എന്നതും എന്റെ നിലപാടാണെന്ന് അദ്ദേഹം വ്യക്തമാക്കി.