സോഷ്യല്‍മീഡിയയില്‍ ഒരു ചിരിക്കുവേണ്ടി എന്തും ഷെയര്‍ ചെയ്യുന്നവരേ… അറിയാന്‍ ശ്രമിക്കാറില്ല നിങ്ങള്‍ മറ്റുള്ളവരുടെ വിഷമങ്ങള്‍. അടുത്തദിവസങ്ങളില്‍ ഏറ്റവുമധികം ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്യാഷര്‍ എന്ന തലക്കെട്ടില്‍ ഒരു സ്ത്രീയുടെ വീഡിയോ പ്രചരിച്ചിരുന്നു. ബാങ്കിലെ ക്യാഷര്‍ വളരെ സാവധാനം പണം വാങ്ങുന്നതും കമ്പ്യൂട്ടറില്‍ അവ രേഖപ്പെടുത്തുന്നതുമായിരുന്നു വീഡിയോ. നിമിഷങ്ങള്‍കൊണ്ട് പതിനായിരക്കണക്കിനുപേരാണ് ഇത് കണ്ടത്. ചില ഓണ്‍ലൈന്‍ പത്രങ്ങളും (രാഷ്ട്രദീപികയിലല്ല) ഇത് വാര്‍ത്തയാക്കിയിരുന്നു.
ആരാണ് ഈ സ്ത്രീയെന്നോ എന്തിനാണ് അവര്‍ പതിയെ ജോലി ചെയ്യുന്നതെന്നോ സോഷ്യല്‍മീഡിയയില്‍ കൂടുകൂട്ടിയവര്‍ അന്വേഷിച്ചതുമില്ല. അവര്‍ക്ക് അതറിയേണ്ട ആവശ്യമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രേംലത ഷിന്ഡെയെന്ന സ്ത്രീയെയും അവര്‍ പതിയെ ജോലി ചെയ്യുന്നതിനു പിന്നിലെ കാരണത്തെയുംകുറിച്ച് ലോകം കേള്‍ക്കുന്നു. അതും കുനിഞ്ഞ ശിരസോടെ.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ പൂനെ ബ്രാഞ്ചിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് പ്രേംലത. രണ്ട് തവണയുണ്ടായ ഹൃദയാഘാതത്തേയും ഒരു തവണയുണ്ടായ പക്ഷാഘാതത്തേയും അതിജീവിച്ച സ്ത്രീ. ദീര്‍ഘനാളത്തെ ചികിത്സയിലായിരുന്നു അവര്‍. നീണ്ട അവധികള്‍. വീട്ടിലേക്ക് വീണ്ടും വന്നെങ്കിലും ചലനശേഷി പൂര്‍ണമായും തിരികെ ലഭിച്ചില്ല. അടുത്ത ഫെബ്രുവരിയിലാണ് അവരുടെ വിരമിക്കല്‍പ്രായം. അതുവരെ നീണ്ട അവധിയെടുക്കാം, വേണമെങ്കില്‍. എന്നാല്‍ പ്രേംലത അതിനു തയാറായില്ല.
വിരമിക്കുംവരെ ജോലിയില്‍ തുടരണമെന്ന പ്രേംലതയുടെ ആഗ്രഹത്തിനു വീട്ടുകാരും ബാങ്ക് അധികൃതരും പച്ചക്കൊടി കാണിച്ചു. അവര്‍ക്കായി പ്രത്യേക കൗണ്ടറും തയാറാക്കി. പ്രേംലതയുടെ ശാരീരികമായ അവശതകള്‍ കാരണം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന നിലപാടും ബാങ്ക് അധികൃതര്‍ക്കുണ്ടായിരുന്നു. പ്രേംലതയ്ക്ക് കഴിയാവുന്ന വേഗത്തില്‍ നോട്ടെണ്ണാവുന്ന സ്വാതന്ത്ര്യവും അധികൃതര്‍ നല്കി. ഉപഭോക്താക്കള്‍ക്കായി മറ്റു കൗണ്ടര്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നുമുണ്ട്. സഹപ്രവര്‍ത്തകര്‍ ഇടവേളകളില്‍ പ്രേംലതയുടെ അടുത്തെത്തി അവരെ സഹായിക്കും. ഇടപാടുകാരില്‍ പലര്‍ക്കും ഇക്കാര്യം അറിയത്തില്ല. അതിനാല്‍ പലരും അത്ഭുതജീവിയെ എന്നപോലെയാണ് പ്രേംലതയെ കാണുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. എല്ലാ ചിരിക്കുമപ്പുറം ഒരു കണ്ണീര്ക്കഥയുണ്ടെന്നകാര്യം ഇനിയും വിസ്മരിക്കരുതേ.