പഠനവും ജോലിയും ഒന്നിച്ചുകൊണ്ടുപോവുന്ന ധാരാളം ആളുകള്‍ ഇന്ന് കേരളത്തിലുണ്ട്. ഇത്തരത്തില്‍ പകല്‍ പഠനവും രാത്രി ജോലിയുമായി മുന്നോട്ടുപോവുന്ന യുവദമ്പതികളാണ് വാര്‍ത്തകളില്‍ താരമായിരിക്കുന്നത്. തിരുവനന്തപുരത്ത് ഇപ്പോള്‍ ഏറ്റവും നല്ല തട്ടുകട ഏതെന്ന് ചോദിച്ചാല്‍ ആരും പറയും, അത്, ടെക്‌നോപാര്‍ക്ക് കാമ്പസിനടുത്ത് തട്ടുകട നടത്തുന്ന പ്രേംശങ്കറിന്റെയും സ്‌നേഹയുടേതുമാണെന്ന്. നല്ല തട്ടില്‍കുട്ടിദോശയും പൊറോട്ടയും ഓംലെറ്റും ഒപ്പം ആലുപറാത്തയും അല്‍പ്പം നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളും. അല്‍പ്പം മാത്രം മലയാളം പറയുന്ന ഇവര്‍ നല്ല മണിമണി പോലെ ഇംഗ്ലീഷും പറയും. ഇത് പ്രണയിച്ച് വിവാഹം കഴിച്ച സ്‌നേഹയും പ്രേംശങ്കറുമാണ്. സ്‌നേഹ പകല്‍ തീസിസ് ഉണ്ടാക്കും. രാത്രിയില്‍ തട്ടുദോശയും പെറോട്ടയും. ഡല്‍ഹിയിലെ സിഎജി ഓഫീസ് ഉദ്യോഗസ്ഥനായ പ്രേംശങ്കര്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായ സ്‌നേഹയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ച് തിരുവനന്തപുരത്തെത്തി തട്ടുകട നടത്തുകയാണ്.
പരിചയം പ്രണയമായതും അത് വാവിഹത്തിലെത്തിയതും പെട്ടെന്നായിരുന്നെങ്കിലും ഇരുവരും പരസ്പരം സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും പങ്കുവച്ചിരുന്നു. ഡോക്ടറേറ്റ് നേടി വിദേശത്ത് ജേലി ചെയ്യണമെന്നായിരുന്നു സ്‌നേഹയുടെ എക്കാലത്തെയും സ്വപ്നം. പ്രേമിനാകട്ടെ തന്റെ പാചകജോലി തുടര്‍ന്നുകൊണ്ടുപോവാനായിരുന്നു താത്പര്യം. എന്ത് പ്രശ്‌നമുണ്ടായാലും സ്‌നേഹയുടെ സ്വപ്‌നത്തിനായി കൂടെ നില്‍ക്കുമെന്ന് പ്രേം അവള്‍ക്ക് വാക്ക് നല്‍കിയിരുന്നു. അങ്ങനെ ജാര്‍ഖണ്ഡ്കാരനായ പ്രേംശങ്കറും മഹാരാഷ്ട്രക്കാരിയായ സ്‌നേഹയും ഒന്നായി.
കേരള സര്‍വ്വകലാശാലയില്‍ പിഎച്ച്ഡി ഗവേഷകയായി അവസരം ലഭിക്കുമ്പോള്‍ വിദ്യാഭ്യാസ ഗ്രാന്റ് കൊണ്ട് യാതൊന്നും തികയില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇരുവരും കേരളത്തിലേക്ക് ട്രെയിന്‍ കയറിയത്.
പിന്നീട് പണം കണ്ടെത്തുന്നതിനുള്ള മാര്‍ഗമായിരുന്നു തട്ടുകട. ഒറ്റമുറിവീട്ടിലാണ് ഇവരുടെ താമസം. പാചകത്തില്‍ കേമനായിരുന്ന പ്രേമിനെ സഹായിക്കാന്‍ സ്‌നേഹയും കൂടും. നല്ല പൊറോട്ടയും ആലുവുമൊക്കെ ഉണ്ടാക്കാന്‍, നല്ല അസ്സല്‍ നോര്‍ത്ത് ഇന്ത്യന്‍ മിക്‌സ്. പകല്‍ പഠിത്തവും രാത്രിയില്‍ തട്ടുദോശയുണ്ടാക്കലും. ഇരുവരും വിവാഹിതരായിട്ട് ആറ് വര്‍ഷം കഴിഞ്ഞു. സ്വപ്നജീവിതത്തിനായി അധ്വാനിക്കുമ്പോള്‍ ഹണിമൂണ്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ബ്രേക്ക് ഇട്ടിരിക്കുകയാണ് ഇവര്‍. ഗവേഷണം പൂര്‍ത്തിയാക്കി സ്‌നേഹ ഡോക്ടറായാല്‍ ജര്‍മനിയിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. അതിനായുള്ള തയാറെടുപ്പുകളും ഇതിനിടയിലുണ്ട്്. തന്റെ ഭാര്യയെ ഒരു ശാസ്ത്രജ്ഞയായി കാണുക എന്നതാണ് പ്രേമിന്റെ ആഗ്രഹം. ജര്‍മനിയിലെത്തിയാലും ഒരു റസ്റ്റോറന്റ് ബിസിനസ് തുടങ്ങാനാണ് താന്‍ പ്ലാന്‍ ഇട്ടിരിക്കുന്നതെന്നും പ്രേം പറയുന്നു. തങ്ങളുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ അത്യദ്ധ്വാനം ചെയ്യുന്ന ഇവരുടെ പരിശ്രമങ്ങള്‍ ഏവര്‍ക്കും, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്.