ഗുരുവായൂർ: റെയിൽവെസ്റ്റേഷനിലെ പ്രി പെയ്ഡ് ഓട്ടോ സംവിധാനം നടപ്പിലാക്കാതെ പൊതുജനങ്ങളേയും തീർഥാടകരേയും നഗരസഭ ബുദ്ധിമുട്ടിക്കുന്നു. നഗരസഭ റെയിൽവേക്ക് അടക്കാനുള്ള തുകയും ജിഎസ്ടിയും അടക്കാത്തതാണ് പ്രീപെയ്ഡ് സംവിധാനം വൈകിപ്പിക്കുന്നത്. 50000രൂപയും ജിഎസ്ടിയുമാണ് റെയിൽവേയിൽ അടക്കേണ്ടത്. ഈതുക നൽകാൻ പല സംഘടനകളും തയാറാണ്.
ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ നഗരസഭയിലെ ഭരണ സംവിധാനത്തിന് കഴിയുന്നില്ല. ഓരോ തടസവാദങ്ങൾ ഉന്നയിച്ച് പ്രിപെയ്ഡ് സംവിധാനം നീട്ടികൊണ്ടു പോകാനാണ് നഗരസഭ ഭരണാധികാരികൾ ശ്രമിക്കുന്നത്. ഓട്ടോറിക്ഷകൾ റെയിൽവേയുടെ പെർമിറ്റ് എടുക്കുന്നില്ലെന്നായിരുന്നു നഗരസഭയുടെ ആദ്യ തടസവാദം.
എന്നാൽ റെയിൽവെ സ്റ്റേഷനിൽ തുക അടച്ച് 21 ഓട്ടോറിക്ഷകളും 18 ഓട്ടോ ടാക്സികളും റെയിൽവേ പെർമിറ്റ് എടുത്തിട്ടുണ്ട്. ഗുരുവായൂരിലെ റോട്ടറി ക്ലബ് ഓഫ് ഹെറിറ്റേജ് പ്രിപെയ്ഡ് ഓട്ടോ തുടങ്ങുന്നതിന് ആവശ്യമായ മനോഹരമായ കൗണ്ടർ നിർമിച്ചു നൽകുകയും കന്പ്യൂട്ടറും സോഫ്റ്റ് വെയറും ഒരു മാസം മുന്പ് കൈമാറുകയും ചെയ്തിരുന്നു. ഗുരുവായൂർ പോലീസും ടെന്പിൾ പോലീസും ഓട്ടോറിക്ഷ ഡ്രൈവർമാർക്കു വേണ്ട സർട്ടിഫിക്കറ്റ് സൗജന്യമായി നൽകുകയും ചെയ്തു.
ഇതൊക്കെ കഴിഞ്ഞിട്ടും നഗരസഭ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.കഴിഞ്ഞ ഒക്ടോബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച് നവംബർ ഒന്നിന് പൂർണതോതിൽ നടപ്പിലാക്കുമെന്ന് പറഞ്ഞ പദ്ധതിയാണ് രണ്ടു മാസം പിന്നിട്ടിട്ടും നടപ്പിലാകാതെ വീണ്ടും നീളുന്നത്.