ഷൊർണൂർ: നൂറുകണക്കിനു യാത്രക്കാർ വന്നുപോകുന്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിനു തീരുമാനമായി. പദ്ധതിക്കാവശ്യമായ സാങ്കേതിക സംവിധാനം ലഭിച്ചു. ഓട്ടോചാർജ് ഈടാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തശേഷം ആർടിഒ, റെയിൽവേ, നഗരസഭ, പോലീസ്, ഓട്ടോഡ്രൈവർമാർ, റോട്ടറി ക്ലബ് എന്നിവരുമായി ചർച്ചചെയ്തശേഷമാകും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക.
പ്രീപെയ്ഡ് സ്റ്റാൻഡിനായുള്ള ഷെഡും ടോക്കണ്‍ നല്‍കാനുള്ള യന്ത്രവും റോട്ടറി ക്ലബ് നല്‍കാമെന്ന് ഷൊർണൂർ പോലീസിനെ അറിയിച്ചു.വിവിധ സ്ഥലങ്ങളിലേക്കുള്ള ഓട്ടോചാർജ് ആർടിഒയുടെ സാന്നിധ്യത്തിൽ തീരുമാനിക്കും. നഗരസഭയുടെ സഹകരണവും ഇത്തരത്തിൽ ആവശ്യപ്പെടാനാണ് തീരുമാനം. നിലവിൽ 86 ഓട്ടോറിക്ഷകളാണ് റെയിൽവേ ഈ സ്റ്റേഷനിലുള്ളത്.
ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹകരണത്തോടെ കൂടുതൽ ഓട്ടോകളെ ഇവിടേയ്ക്ക് എത്തിക്കേണ്ടി വരുമോയെന്ന കാര്യവും പരിശോധിക്കേണ്ടിവരും. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനെന്ന ഖ്യാതിയുള്ള ഈ സ്റ്റേഷനിൽ ഇത്തരം സ്റ്റാൻഡ് അനിവാര്യമാണെന്ന് എല്ലാവർക്കും അഭിപ്രായമുണ്ട്.
സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് രാത്രികാലങ്ങളിലും മറ്റും ഓട്ടോറിക്ഷക്കാരെക്കുറിച്ച് വ്യാപക പരാതിയുണ്ട്. രാത്രികാലങ്ങളിലും കുറവു ദൂരസ്ഥലങ്ങളിലേക്കും ഓട്ടോകൾ ഓട്ടം വരാറില്ലെന്ന പരാതി വ്യാപകമാണ്. അമിതചാർജ് ഈടാക്കുന്നതായും പരാതി ഉയരുന്നുണ്ട്.
കോഴിക്കോട്, എറണാകുളം ഉൾപ്പെടെയുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്കും ഡ്രൈവർമാർക്കും സൗകര്യമാകുന്ന രീതിയിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. സ്ത്രീകളുടെ യാത്രാ സുരക്ഷയ്ക്കും പ്രീപെയ്ഡ് ബൂത്ത് വരുന്നതോടെ പരിഹാരമാകും.ഡിവിഷണൽ റെയിൽവേ മാനേജർ അംഗീകരിച്ച പദ്ധതിയാണ് ഷൊർണൂരിൽ വരുന്നത്.