കൊച്ചി: അണ്ടർ 17 ലോകകപ്പിൽ ബ്രസീലും ഇറാനും പ്രീക്വാർട്ടറിൽ. രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഉത്തരകൊറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീൽ പ്രീക്വാർട്ടറിന് അർഹരായത്. ജർമനിയെ എതിരില്ലാത്ത നാലു ഗോളിന് തകർത്താണ് ഇറാൻ അവസാന പതിനാറിൽ ഇടംനേടിയത്.
ലിങ്കണും പൗളീഞ്ഞോയുമാണ് ബ്രസീലിന്റെ ഗോൾ നേടിയത്. ശക്തരായ ബ്രസീലിനെ ആദ്യ പകുതിയിൽ പൂട്ടിയ ഉത്തരകൊറിയ രണ്ടാം പകുതിയിൽ ഉലഞ്ഞു. കടുകട്ടി കൊറിയൻ പ്രതിരോധം പൊളിക്കാനുള്ള ശ്രമത്തിനിടെ ബ്രസീലിനു ലഭിച്ച ഫ്രീകിക്കാണ് കളിയുടെ ഗതിമാറ്റിയത്.
ബോക്സിനു തൊട്ടുപുറത്തുനിന്നും വേവേഴ്സൺ എടുത്ത ഫ്രീകിക്ക് ഉത്തരകൊറിയൻ പ്രതിരോധ മതിലിൽ തട്ടി ബൗൺസ് ചെയ്തു. ബോക്സിൽ തക്കംപാർത്തുനിന്ന ലിങ്കൺ ഉയർന്നു പൊങ്ങിയ പന്തിനൊപ്പം ചാടി തലവച്ചു. ഗോളി സിൻ തായി സോംഗിനെയും കടന്ന് പന്ത് ഉത്തരകൊറിയയുടെ വലയിൽ.
അതുവരെ കനത്ത പ്രതിരോധം തീർത്ത ഉത്തരകൊറിയ ഉലഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ ബ്രസീൽ ലീഡ് വർധിപ്പിക്കുകയും ചെയ്തു. പൊളീഞ്ഞോയായിരുന്നു രണ്ടാം ഗോൾ നേടിയത്. ഉത്തര കൊറിയൻ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിന് ഒടുവിലായിരുന്നു ഗോൾ. രണ്ടു ഗോൾ വഴങ്ങിയതോടെ ഉത്തരകൊറിയ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. നിരവധി സുവർണാവസരങ്ങളാണ് കൊറിയൻ കുട്ടികൾ നഷ്ടപ്പെടുത്തിയത്.
യൂനസ് ഡെൽഫിയുടെ ഇരട്ട ഗോളാണ് ഇറാന് ഗംഭീര വിജയം സമ്മാനിച്ചത്. കളിയുടെ തുടക്കത്തിൽതന്നെ (ആറാം മിനിറ്റ്) ഗോൾ നേടിയ യൂനസ് ഇറാൻ നയം വ്യക്തമാക്കി. 42 ാം മിനിറ്റിൽ യൂനിസ് രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ പകുതിയിൽ രണ്ടു ഗോൾ ലീഡുമായി മടങ്ങിയ ഇറാൻ രണ്ടാം പകുതിയിൽ അലയാർ സയ്ദ് (49), വാഹിദ് നാംദരി (75) എന്നിവരിലൂടെ ലീഡ് നാലായി വർധിപ്പിച്ചു.