മോസ്കോ: ഫിഫ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ ലൈനപ്പായി. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായ ഉറുഗ്വെ നോക്കൗട്ട് റൗണ്ടിൽ ബിയിലെ രണ്ടാം സ്ഥാനക്കാരായ പോർച്ചുഗലിനെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തിയ സ്പെയിന്റെ എതിരാളി ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ റഷ്യയാണ്.
മൂന്നു മത്സരങ്ങളും ജയിച്ചാണ് ഉറുഗ്വെ പ്രീക്വാർട്ടറിൽ എത്തിയത്. ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെയാണ് ഉറുഗ്വെയുടെ മുന്നേറ്റം. രണ്ടാം സ്ഥാനത്തെത്തിയ ആതിഥേയരായ റഷ്യ രണ്ടു ജയവുമായി ആറു പോയിന്റു നേടി. ആദ്യ രണ്ട് മത്സരങ്ങളിലും വൻ വിജയം നേടിയ റഷ്യ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഉറുഗ്വെയോടു തോറ്റു. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഉറുഗ്വെയുടെ വിജയം.
അതേസമയം, ഗ്രൂപ്പ് ബിയിൽ സ്പെയിൻ നിറം മങ്ങിയ പ്രകടനവുമായാണ് നോക്കൗട്ടിൽ പ്രവേശിച്ചത്. ഒരു ജയവും രണ്ടു സമനിലയുമായി അഞ്ച് പോയിന്റാണ് സ്പാനിഷ് പട നേടിയത്. രണ്ടാമതെത്തിയ പോർച്ചുഗലിനും അഞ്ച് പോയിന്റാണ്. എന്നാൽ ഗോൾ ശരാശരിയിൽ സ്പെയിൻ മുന്നിൽ എത്തുകയായിരുന്നു. സ്പെയിന് ആറു ഗോളടിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ അഞ്ചു തവണയാണ് വല കുലുക്കിയത്. ഗോൾ അടിയിൽ മുന്നിൽ എത്തിയതോടെ സ്പെയിൻ ഗ്രൂപ്പിൽ ഒന്നാമതെത്തി.
വരുന്ന ശനിയാഴ്ച രാത്രി 11.30നാണ് ഉറുഗ്വെ-പോർച്ചുഗൽ പ്രീക്വാർട്ടർ പോരാട്ടം. ഞായറാഴ്ച രാത്രി 7.30ന് സ്പെയിനും റഷ്യയും ഏറ്റുമുട്ടും.