മമ്മൂട്ടി നൽകിയ പിന്തുണ കൊണ്ടാണ് പ്രീസ്റ്റ് തിയറ്ററുകളിലെത്തിച്ചതെന്ന് നിർമാതാവ് ആന്റോ ജോസഫ്. പുതുമുഖ സംവിധായകർക്ക് ഇത്രയേറെ അവസരങ്ങൾ നൽകിയ നടൻ ഇന്ത്യയിൽ ഉണ്ടാകില്ല.
ചിത്രീകരണം പൂർത്തിയായി ഏകദേശം ഒരു വർഷത്തോളമാണ് റിലീസ് നീണ്ടുപോയത്. ഞങ്ങളും പലിശയ്ക്കും മറ്റും കടമെടുത്താണ് സിനിമ നിർമിക്കുന്നത്.
ഈ അവസ്ഥയിലും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെല്ലാം കൂടെ നിന്നു. ഒടിടിയിൽ നിന്നും മികച്ച ഓഫറുകൾ വന്നപ്പോൾ ഞാൻ മമ്മുക്കയോട് ചോദിച്ചു, “മമ്മുക്ക നമ്മൾക്കു ആലോചിച്ചാലോ, നല്ല വില പറയുന്നുണ്ട് എന്ന്”
അപ്പോഴൊക്കെ മമ്മുക്ക പറയും, “നിനക്ക് ടെൻഷൻ ഉണ്ടേൽ ആലോചിക്ക്. പക്ഷേ, നമ്മൾ ചെയ്യുന്നത് ശരിയാണോ ആന്റോ?’തിയറ്ററുകൾ വീണ്ടും തുറന്നു.
ഞാൻ സിനിമയുടെ ഡേറ്റും അനൗൺസ് ചെയ്തു. പക്ഷേ അപ്പോഴും ആശങ്ക. കാരണം പല നല്ല സിനിമൾകക്കും സെക്കൻഡ്ഷോ ഇല്ലാത്തതിനാൽ കലക്ഷൻ ഇല്ല. അങ്ങനെ അവസാനനിമിഷം റിലീസ് മാറ്റി.
ഇത് തിയറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് പറയുന്നതിന് മമ്മൂക്ക പറഞ്ഞൊരു കാരണമുണ്ട്.
‘നമ്മളെ പോലെ അല്ല ആന്റോ സാധാരണ സിനിമ വ്യവസായത്തിൽ ഉൾപ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ.
പോസ്റ്റർ ഒട്ടിക്കുന്നവരുണ്ട്, റെപ്രസെന്റേറ്റീവ്, തിയറ്റർ ഓപ്പറേറ്റേർസ്, കാന്റീൻകാരുണ്ട്, എന്തിനു ഓട്ടോ ഡ്രൈവേഴ്സിന് വരെ ഒരു പടം കഴിഞ്ഞാൽ ഓട്ടം കിട്ടുന്നതല്ലേ ?
മാത്രമല്ല ഏറ്റവും വലിയ കാര്യം, അവന്റെ ആദ്യത്തെ പടമല്ലേ. അവന് ആഗ്രഹം കാണില്ലേ ജനങ്ങളെ തിയറ്ററിൽ കാണിക്കണം എന്ന്. സിനിമകൾ ലൈവ് ആകുന്ന ഒരു കാലം വരും ആന്റോ.
ആ റിസ്ക് നമ്മൾ എടുക്കണം. നീ ടെൻഷൻ അടിക്കേണ്ട. നിന്റെ കൂടെ ഞാനില്ലേ.’
മമ്മൂക്ക എനിക്കു തന്ന ഈ ധൈര്യത്തിലാണ് ഈ സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്നത്. അല്ലെങ്കിൽ ഞാൻ മറിച്ചൊന്ന് ചിന്തിച്ചേനെ.
ഇനി തിയറ്ററിൽ ആളുവന്നില്ലെങ്കിൽ പോലും ഞാനുണ്ട് കൂടെ എന്നു മമ്മൂക്ക പറഞ്ഞു. ഫസ്റ്റ്ഡേ സിനിമയുടെ കലക്ഷനെക്കുറിച്ച് മൂന്നു കോടി, നാല് കോടി ഗ്രോസ് പലരും എഴുതാറുണ്ട്.
പക്ഷേ ഈ സിനിമയിൽ ഞാനതിന് തയാറാല്ല. കാരണം അത്രയ്ക്കു വലിയ ഷെയർ ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. – ആന്റോ ജോസഫ് പറഞ്ഞു.