പ്രസംഗ മോഷണം! പാക്കിസ്ഥാന്‍ പ്രസിഡന്റിനെതിരെ പരാതി! കേസ് കൊടുത്തിരിക്കുന്നത് പതിനൊന്നുകാരന്‍

w4ytweytwsyപാക്കിസ്ഥാന്റെ രാഷ്്ട്രപിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന മുഹമ്മദ് അലി ജിന്നയുടെ ജന്മദിനവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ പറയാനിരുന്ന പ്രസംഗം മോഷ്ടിച്ചുവെന്ന് ആരോപിച്ചുകൊണ്ടാണ് പതിനൊന്നുകാരന്‍ പ്രസിഡന്റിന്റെ ഓഫീസിനെതിരെ കേസ് കൊടുത്തിരിക്കുന്നത്.

മുഹമ്മദ് സബീല്‍ ഹയ്ദര്‍ എന്ന ആറാം ക്ലാസുകാരനാണ് പിതാവിന്റെ സഹായത്തോടെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മകന്റെ അറിവോ സമ്മതമോ ഇല്ലാതെ അവന്‍ എഴുതി തയാറാക്കിയ പ്രസംഗം പകര്‍ത്തി മറ്റൊരാള്‍ക്ക് നല്‍കി എന്നാണ് കേസില്‍ പറഞ്ഞിരിക്കുനത്.

പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറി, വിദ്യാഭ്യാസ ഡയറക്ടര്‍, ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി, പാക്കിസ്ഥാന്‍ ടെലിവിഷന്‍ എംഡി, ഇസ്ലാമാബാദ് കോളജ് ഫോര്‍ ഗേള്‍സ് പ്രിന്‍സിപ്പല്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

ഇസ്ലാമാബാദ് മോഡല്‍ ബോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഹയ്ദര്‍. കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്റ് പങ്കെടുത്ത ഒരു ചടങ്ങില്‍ ഹയ്ദര്‍ പ്രസംഗിച്ചിരുന്നു. ഹയ്ദറിനെ അഭിനന്ദിച്ചുകൊണ്ട് പ്രസിഡന്റ് കത്തും അയക്കുകയുണ്ടായി. പിന്നീട് ജിന്നയുടെ അനുസ്മരണാര്‍ത്ഥം നടത്തുന്ന ചടങ്ങില്‍ പ്രസംഗിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫീസ് ഹയ്ദറെ വീണ്ടും സമീപിച്ചു. പരീക്ഷ പോലും മാറ്റി വച്ചാണ് ഇതിന്റെ പ്രാക്ടീസില്‍  ഹയ്ദര്‍ പങ്കെടുത്തത്. പ്രസംഗം പിന്നീട് പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയച്ചുവെന്നും അറിയിച്ചു.

അനുസ്മരണച്ചടങ്ങ് നടത്താനിരുന്ന ദിവസം വേദിയിലെത്തിയ  ഹയ്ദറെ കാഴ്ച്ചക്കാരനാക്കി മറ്റൊരു പെണ്‍കുട്ടി പ്രസംഗം നടത്തുകയായിരുന്നു. ഹയ്ദര്‍ എഴുതി തയാറാക്കി പഠിച്ച് വച്ചിരുന്ന അതേ പ്രസംഗമാണ് ആ കുട്ടി പറഞ്ഞത്. ഒരു വാക്ക് പോലും വ്യത്യാസമുണ്ടായിരുന്നില്ല.

സ്വകാര്യ സ്വത്തിന് മേലും ബുദ്ധി ശക്തിയ്ക്ക് മേലുമുള്ള കടന്നുകയറ്റവും പകര്‍പ്പവകാശ ലംഘനവുമാണിതെന്ന് നിയമോപധേഷ്ഠാക്കള്‍ ആരോപിച്ചു. മാധ്യമങ്ങളിലൂടെയും മറ്റും പ്രസംഗത്തിന്റെ വീഡിയോ പ്രചരിപ്പിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.

Related posts