പദവി മാത്രമേ ഉള്ളൂ അല്ലേ! രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരേക്കാള്‍ താഴ്ന്ന ശമ്പളം; കാരണമിത്

രാജ്യത്തിന്റെ പരമോന്നത അധികാരത്തിലിരിക്കുന്ന വ്യക്തിയാണെങ്കിലും രാഷ്ട്രപതിയ്ക്കും ഉപരാഷ്ട്രപതിയ്ക്കും ലഭിക്കുന്നത് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ താഴ്ന്ന ശമ്പളമാണെന്ന് റിപ്പോര്‍ട്ട്. ഏഴാം ശമ്പളകമ്മീഷനിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് വരെ ഇത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രാഷ്ട്രപതിക്ക് മാസം ഒന്നരലക്ഷം രൂപയും ഉപരാഷ്ട്രപതിക്ക് ഒന്നേകാല്‍ ലക്ഷം രൂപയും ഗവര്‍ണര്‍മാര്‍ക്ക് 1,10,000 രൂപയുമാണ് ശമ്പളം.

2016 ജനുവരി ഒന്നിന് ശമ്പളപരിഷ്‌കരണം നടപ്പാക്കിയ ശേഷം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥനായ ക്യാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം രണ്ടരലക്ഷം രൂപയാണ്. കേന്ദ്ര സെക്രട്ടറിമാരുടെ ശമ്പളം രണ്ടേകാല്‍ ലക്ഷം രൂപയായും ഉയര്‍ത്തിയിരുന്നു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ തുടങ്ങിയവരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച ശുപാര്‍ശകള്‍ അടങ്ങിയ ശമ്പള കമ്മീഷന്‍ ബില്‍ ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ അനുമതിക്ക് സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ഈ ബില്ലില്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ സൈനിക മേധാവിയായ രാഷ്ട്രപതിക്ക് ലഭിക്കുന്നതിലും കൂടിയ ശമ്പളമാണ് ഓരോ സേനാവിഭാഗത്തിന്റെയും തലവന്മാര്‍ക്ക് നിലവില്‍ ലഭിക്കുന്നത്. ശമ്പളകമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ അനുമതി ലഭിച്ചാല്‍ രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷമായി വര്‍ധിക്കും. ഉപരാഷ്ട്രപതിയുടേത് മൂന്നര ലക്ഷമായും ഗവര്‍ണര്‍മാരുടേത് മൂന്ന് ലക്ഷമായും ഉയരും. 2008ലാണ് ഇവരുടെ ശമ്പളത്തില്‍ അവസാനമായി വര്‍ധനയുണ്ടായത്.

അതുവരെ 50,000 രൂപയായിരുന്നു രാഷ്ട്രപതിയുടെ ശമ്പളം. ഉപരാഷ്ട്രപതിയുടേത് 40,000 വും ഗവര്‍ണര്‍മാരുടേത് 36,000 രൂപയുമായിരുന്നു. ക്യാബിനറ്റ് സെക്രട്ടറിയേറ്റിന്റെ പരിഗണനയിലിരിക്കുന്ന ശുപാര്‍ശയില്‍ മുന്‍ രാഷ്ട്രപതിമാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിനും മരിച്ചു പോയ രാഷ്ട്രപതിമാരുടെയും ഉപരാഷ്ട്രപതിമാരുടെയുമൊക്കെ ആശ്രിതര്‍ക്കുള്ള പ്രതിമാസ തുക വര്‍ധിപ്പിക്കാനും ശുപാര്‍ശകളുണ്ട്.

 

Related posts