നിയാസ് മുസ്തഫ
പ്രതിപക്ഷ കക്ഷികളെക്കൂടി ആകർഷിക്കത്തക്കവിധം കരുത്തനായ ആളെ രാഷ്ട്രപതി സ്ഥാനാർഥി ആക്കാനുള്ള നീക്കം ബിജെപി അണിയറയിൽ ശക്തമാക്കി.
ഒരു സൂചനയും പുറത്തുവരാത്തവിധം അതീവ രഹസ്യമായിട്ടാണ് ചർച്ചകളെല്ലാം. അടുത്ത മാസം 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.
ഭരണകക്ഷിയായ എൻഡിഎയ്ക്ക് ഇത്തവണ തെരഞ്ഞെടുപ്പ് വെല്ലുവിളിയായി മാറുമെന്ന് പ്രതിപക്ഷ കക്ഷികൾ പറയു ന്പോഴും എൻഡിഎ സ്ഥാനാർഥി തന്നെ രാഷ്ട്രപതി ആകാനുള്ള സാധ്യതയാണ് കൂടുതൽ.
നിലവിലെ അംഗബലം കണക്കിലെടുക്കുന്പോൾ ഭൂരിപക്ഷമുറപ്പിക്കാൻ എൻഡിഎക്ക് 13,000 വോട്ടിന്റെ മൂല്യം കുറവുണ്ടെങ്കിലും ഈ കുറവ് നിഷ്പ്രയാസം എൻഡിഎ മറികടന്നേക്കും. ഇതിനായുള്ള ശ്രമങ്ങൾ മുന്നണിക്ക് നേതൃത്വം നൽകുന്ന ബിജെപി ആരംഭിച്ചു കഴിഞ്ഞു.
ചർച്ചകൾ സജീവം
പ്രതിപക്ഷ നിരയിലെ 31,000ത്തിലധികം വോട്ടു മൂല്യമുള്ള ബിജു ജനതാദളിന്റെ പിന്തുണയോ അല്ലെങ്കിൽ 43,000ത്തിലധികം വോട്ടുകളുടെ മൂല്യമുള്ള വൈഎസ്ആർ കോണ്ഗ്രസിന്റെ പിന്തുണയോ ഏറെക്കുറെ ബിജെപി ഉറപ്പിച്ചിട്ടുണ്ട്.
ഇതോ ടൊപ്പം മറ്റു പ്രാദേശിക പ്രതിപക്ഷ കക്ഷികളുമായും ബിജെപി നേതൃത്വം ചർച്ച തുടങ്ങിയിട്ടുണ്ട്. ബിഎസ്പി പിന്തുണയ്ക്കാ യി മായാവതിയുമായും ചർച്ച നടക്കുന്നതായിട്ടാണ് വിവരം.
അടുത്തിടെ വൈഎസ്ആർ കോണ്ഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡിയും ബിജു ജനതാദൾ അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക്കും ഡൽഹിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നുവെങ്കിലും കൂടിക്കാഴ്ചയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.
നിഷ്പ്രയാസം തെരഞ്ഞെടുപ്പ് വിജയം നേടാനാവുമെന്നും യാതൊരു ആശങ്കയ്ക്ക് ഇടയില്ലെന്നും എൻഡിഎ നേതാക്കൾ വ്യക്തമാക്കുന്നു. രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്ക് ആയിരിക്കും അന്തിമം.
ലോക്സഭയിലെയും രാജ്യസഭയിലെയും സംസ്ഥാന നിയമസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്ടറൽ കോളജിൽ സാധ്യമായ 10.79 ലക്ഷം വോട്ടുകളിൽ 5.26 ലക്ഷം വോട്ടുകൾ എൻഡിഎയ്ക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇപ്പോൾ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം കണക്കുകൾ മാറിയേക്കാം. പക്ഷേ വലിയ രീതിയിൽ മാറ്റം വരില്ല.
ലോക്സഭയിൽ ബിജെപിയുടെ അംഗസംഖ്യ ഗണ്യമായി വർധിച്ചിട്ടുണ്ടെങ്കിലും, പ്രാദേശിക പാർട്ടികളുമായുള്ള സമവാക്യങ്ങൾ മാറിയതും നിരവധി സംസ്ഥാന നിയമസഭകളിൽ ശക്തി കുറഞ്ഞതും വൈഎസ്ആർ കോണ്ഗ്രസ്, ബിജു ജനതാ ദൾ തുടങ്ങിയ പ്രാദേശിക പാർട്ടികളെ ആശ്രയിക്കുന്നതിലേക്ക് എൻഡിഎയെ നയിച്ചു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടർഭരണം ലഭിച്ചെങ്കിലും അംഗങ്ങളുടെ എണ്ണം അവിടെയും കുറഞ്ഞു. കൂടാതെ, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ സംഖ്യയുമായി താരതമ്യപ്പെടുത്തുന്പോൾ അവർക്ക് നഷ്ടം നേരിട്ടു.
പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം
2017ൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടന്നപ്പോൾ എൻഡിഎയുടെ ഭാഗമായിരുന്ന ശിവസേന, അകാലിദൾ തുടങ്ങിയ പാർട്ടികൾ ഇക്കുറി അവരോട് ഒപ്പമില്ലായെന്നത് പ്രതിപക്ഷ നിരയിൽ ആത്മവിശ്വാസം നൽകുന്നു.
കഴിഞ്ഞതവണ എൻഡിഎയ്ക്ക് പിന്തുണ നൽകിയ കെ. ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് ഇപ്പോൾ പ്രതിപക്ഷത്തോടാണ് ചേർന്നുനിൽക്കുന്നത്.
ബിഹാറിൽ നിതീഷ് കുമാറിന്റെ ചാഞ്ചാട്ടത്തിലും പ്രതിപക്ഷത്തിന് പ്രതീക്ഷയുണ്ട്.പ്രതിപക്ഷ പാർട്ടികൾക്കെല്ലാം സ്വീകാര്യനാകുന്ന പൊതു സ്ഥാനാർഥിയെ നിർത്താനാണ് പ്രതിപക്ഷ നീക്കം. സമവായത്തിലെ ത്താൻ ഇതുവരെയും അവർക്ക് കഴിഞ്ഞിട്ടും ഇല്ല.