ലാബൗൻ ബാജോ (ഇന്തോനേഷ്യ): ആറു തവണ ലോക ചാന്പ്യൻ പട്ടം നേടിയ മേരി കോമിന് 23-ാമത് പ്രസിഡന്റ്സ് കപ്പ് ബോക്സിംഗിൽ സ്വർണം. 51 കിലോ ഗ്രാം ഫൈനലിൽ അനായാസ ജയമാണ് മേരി കോം സ്വന്തമാക്കിയത്. ഫൈനലിൽ ഇന്ത്യൻ താരം ഓസ്ട്രേലിയയുടെ ഏപ്രിൽ ഫ്രാങ്ക്സിനെ 5-0ന് തകർത്തു.
ലോക ചാന്പ്യൻഷിപ്പ് അടുത്തിരിക്കെ മേരി കോമിന് മികച്ച തയാറെടുപ്പാണു സ്വർണനേട്ടത്തിലൂടെ ലഭിച്ചത്. 2020 ടോക്കിയോ ഒളിന്പിക്സിനു യോഗ്യത ലക്ഷ്യമിട്ടാണ് മേരി കോം റഷ്യയിലെ യെക്ടെറിൻബർഗിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പിൽ ഇറങ്ങുക. ഈ വർഷത്തെ വനിതകളുടെ ലോക ചാന്പ്യൻഷിപ്പ് സെപ്റ്റംബർ ഏഴു മുതൽ 21 വരെയാണ്.കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ലോക ചാന്പ്യൻഷിപ്പിൽ മേരി കോം ആറാമത്തെ സ്വർണം നേടിയിരുന്നു.