മലപ്പുറം: മലപ്പുറം പ്രസ്ക്ലബിൽ ആർഎസ്എസുകാർ അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. സംഭവത്തിൽ തുടക്കം മുതലെ പോലീസ് വേണ്ടത്ര ഗൗരവത്തോടെയല്ല ഇടപെട്ടതെന്നു ആക്ഷേപം ഉയർന്നിട്ടുണ്ട്. പ്രസ് ക്ലബിലേക്കു ഇരച്ചുകയറി ഫോട്ടോഗ്രഫറെ മർദിച്ച ആർഎസ്എസ് പ്രവർത്തകർ പോലീസിനു മുന്നിലൂടെയാണ് ഇറങ്ങിപ്പോയത്. ആക്രമികളെ പിടികൂടുന്നതിനു പകരം പോലീസ് പ്രസ് ക്ലബിന്റെ വാതിൽ അടക്കാനാണ് ശ്രമിച്ചത്.
പിന്നീട് ഇതേ പ്രതികൾ തന്നെ പോലീസിനെ ഫോണ് ഏൽപ്പിച്ചെങ്കിലും ഇന്നലെ ഇവരെ പിടികൂടിയില്ല. വീണുകിട്ടിയ ഫോണ് സ്റ്റേഷനിൽ ഏൽപിച്ചെന്നായിരുന്നു പോലീസ് നൽകിയ വിശദീകരണം. ഇതിനിടക്ക് ആശുപത്രി സന്ദർശിച്ച എസ്ഐ മൊബൈൽ ഫോണ് ചികിത്സയിൽ കഴിയുന്ന ചന്ദ്രികാ ഫോട്ടോഗ്രഫർ ഫുവാദിനെ തിരിച്ചേൽപിക്കാനും ശ്രമം നടത്തി. ഗുരുതരമായ വിഷയം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ നടപടിയെന്നു പരക്കെ ആക്ഷേപമുയർന്നിട്ടുണ്ട്.
സംഭവത്തെത്തുടർന്നു വിവിധ സംഘടനകൾ ഇന്നലെ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പി.ഉബൈദുള്ള എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, ഡോ. ഹരിപ്രിയ, മുസ്്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ ഉമ്മർ അറക്കൽ, സലീം കുരുവന്പലം, നൗഷാദ് മണ്ണിശേരി, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അൻവർ മുള്ളന്പാറ, മുനീബ് കാരക്കുന്ന് എന്നിവർ പ്രസംഗിച്ചു.
വീക്ഷണം മുഹമ്മദ്, വി. മുസ്തഫ, സി.എച്ച്.അബ്ദുൾ ഖാദർ, പി.എ സലാം, ഉപ്പൂടൻ ഷൗക്കത്ത്, മന്നയിൽ അബൂബക്കർ, കെ.എൻ.എ ഹമീദ് റിയാസ് പുൽപറ്റ, ഹാരിസ് ആമിയൻ, പി.കെ ബാവ, സമീർ കപ്പൂർ, ഫെബിൻ കളപ്പാടൻ, കെകെ ഹക്കീം, എൻ.കെ സദറുദീൻ. പി.കെ.സമീർ എന്നിവർ നേതൃത്വം നൽകി.
രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനം പോലും സാധ്യമാകാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നതെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. പരിക്കേറ്റ മാധ്യമ പ്രവർത്തകനെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക മാധ്യമ സ്വാതന്ത്ര്യദിനത്തിൽ മലപ്പുറം പ്രസ്ക്ലബ് ആക്രമിച്ച ആർഎസ്എസ് നടപടി അപലപനീയമാണെന്ന് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മാധ്യമ സമൂഹത്തോടും പത്രപ്രവർത്തകരോടും സൗഹൃദപരമായ അടുപ്പമുള്ള മലപ്പുറത്തെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലത്തിനും കളങ്കമാണീ അക്രമം.അക്രമികളെ ഉടൻ അറസ്റ്റ് ചെയ്ത് കർശന നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയാറാകണമെന്നു സിപിഎം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസ്ക്ലബിനു നേരേയുണ്ടായ സംഘപരിവാർ ആക്രമണം ജനാധ്യപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി പത്രകുറിപ്പിൽ പറഞ്ഞു. പ്രസ്ക്ലബിൽ കയറി മാധ്യമ പ്രവർത്തകനെ അക്രമിച്ച ആർഎസ്എസ് നടപടിയിൽ മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി അപലപിച്ചു. മലപ്പുറം പ്രസ് ക്ലബ് അക്രമണത്തിൽ പ്രതിഷേധിച്ചു വിവിധ ജില്ലകളിൽ കേരളപത്രപ്രവർത്തകയൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി.