കൊച്ചി: മാധ്യമസ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തിന്റെ അന്ത്യത്തിനു കാരണമാകുമെന്ന് ഹൈക്കോടതി. വാര്‍ത്തകളിലെ ചെറിയ പിഴവുപോലും സ്വകാര്യതയെയും ഭരണഘടനാ അവകാശങ്ങളെയും ബാധിക്കുമെന്നും അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കോടതി പറഞ്ഞു.
ജയിലില്‍ കയറി തടവുകാരന്റെ മൊഴി റിക്കാർഡ് ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ പരാമര്‍ശം.
വാര്‍ത്ത ശേഖരിക്കണമെന്ന ലക്ഷ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നതെന്നും നിയമലംഘനത്തിന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും വിലയിരുത്തിയ കോടതി ഇത്തരമൊരു റിക്കാർഡിംഗ് നടന്നിട്ടില്ലെന്നതും കണക്കിലെടുത്താണ് കേസ് റദ്ദാക്കിയത്.
2013ല്‍ സോളാര്‍ കേസില്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്ന ജോപ്പന്റെ മൊഴി മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന കേസിലാണ് സ്വകാര്യ ചാനല്‍ പ്രവര്‍ത്തകരായിരുന്ന പ്രദീപ്, പ്രശാന്ത് എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കിയത്.
കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ജോപ്പനെ കാണാന്‍ ഹര്‍ജിക്കാര്‍ അനുമതി തേടിയിരുന്നെങ്കിലും മൊഴി അനധികൃതമായി റിക്കാർഡ് ചെയ്യാന്‍ ശ്രമിച്ചതും ജയില്‍ ജീവനക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ജയിലധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.