പാലാ: പൊട്ടിപ്പൊളിഞ്ഞ വാടക വീട്ടില്‍ നിന്നും ആകെ കൈമുതലായി ഉള്ള പോരാട്ടവീര്യവുമായി പാലായിലെത്തിയ പ്രിസ്കില്ലയെന്ന കുഞ്ഞുകായികതാരത്തിന്റെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമെത്തുന്നു.
വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ നാടായ ജമൈക്കയില്‍ ഒരു മാസത്തെ പരിശീലനത്തിനുള്ള സുവര്‍ണാവസരമാണ് പ്രിസ്കില്ലയെ തേടിയെത്തിയത്. പാലായിലെ സിന്തറ്റിക് ട്രാക്കില്‍ നിന്നു ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലും 800 മീറ്ററിലും സുവര്‍ണ നേട്ടം സ്വന്തമാക്കിയ പ്രിസ്കില്ലയ്ക്ക് ജമൈക്കയില്‍ പരിശീലനത്തിനുള്ള അവസരം ലഭിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസമാണ് അറിയുന്ന്. തിരുവനന്തപുരം സായിയില്‍ പരിശീലനം നടത്തുന്ന ഈ ഒന്‍പതാം ക്ലാസുകാരിയുടെ കൂടപ്പിറപ്പാണ് പട്ടിണിയും പരിവട്ടവും. തിരുവനന്തപുരം കാട്ടാക്കടയില്‍ താമസിച്ചിരുന്ന പ്രിസ്കില്ലയുടെ മാതാപിതാക്കള്‍ തൊഴില്‍ തേടിയാണ് 18 വര്‍ഷം മുമ്പ് പത്തനം തിട്ടയിലേക്ക് വണ്ടി കയറിയത്.
പത്തനം തിട്ട കുമ്പനാട് വാടകയ്ക്ക് താമസം തുടങ്ങി. സമീപത്തുള്ള റബര്‍ തോട്ടങ്ങളില്‍ ടാപ്പിംഗ് ചെയ്താണ് പ്രിസ്കില്ലയുടെ പിതാവ് ദാനിയേല്‍ കുടുംബം പോറ്റിവന്നത്. പിതാവിനു സഹായമായി മാതാവ് ഡെയ്സിയും ടാപ്പിംഗിനായി പോകുമായിരുന്നു. പരമാവധി ആയിരം രൂപ വരെ വാടക നല്കാവുന്ന വീട്ടിലായിരുന്നു താമസം. റബറിന് വില കുറഞ്ഞതോടെ നിരവധി റബര്‍ കര്‍ഷകര്‍ ടാപ്പിംഗ് ഉപേക്ഷിച്ചതോടെ ഈ കുടുംബത്തിന്റെ സ്ഥിതിയും പരിതാപകരമായി. പിതാവിന്റെ സ്വദേശമായ കാട്ടാക്കടയില്‍ അഞ്ചു സെന്റ് ഭൂമിയില്‍ ഏതു സമയവും നിലം പതിക്കാവുന്ന ഒരു വീടാണുള്ളത്. അല്പമെങ്കിലും പണമുണ്ടായിരുന്നെങ്കില്‍ ആ വീട് ഒന്നു പുതുക്കി പണിയാന്‍ കഴിയുമായിരുന്നെന്നു ഈ പുത്തന്‍ കായികതാരം പറയുമ്പോള്‍ അവളുടെ കണ്ണില്‍ ഈറനണിയുന്നു.
പ്രിസ്കില്ല ആദ്യം പരിശീലനം നടത്തിയത് പത്തനംതിട്ട ഇരവിപേരൂര്‍ സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തിരുവനന്തപുരം സായിയിലേക്ക് സെലക്ഷന് ലഭിച്ചത്. തുടര്‍ന്ന് സായിയിലെ ജോയി ജോസഫിന്റെ കീഴിലുള്ള മികച്ച പരിശീലനം പ്രിസ്കില്ലയുടെ പ്രകടനം ദേശീയ തലത്തിലേക്ക് ഉയര്‍ത്തി. സംസ്ഥാന തലങ്ങളില്‍ സ്പ്രിന്റ് ഇനത്തില്‍ മികച്ച പ്രകടനം നടത്തുന്ന കായികതാരങ്ങളെ കണ്ടെത്തി അവര്‍ക്ക് തുടര്‍ പരിശീലനങ്ങള്‍ നല്കുന്ന ഡല്‍ഹി ആസ്ഥാനമായ ആംഗ്ലയിന് മെഡല്‍ ഹന്‍ഡ് കമ്പനിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ ക്യാമ്പില്‍ നിന്നും ഏറ്റവും മികച്ച താരമായി പ്രിസ്കില്ലയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ബാംഗളൂരില്‍ നടന്ന റീജിയണല്‍ തലത്തിലുള്ള പോരാട്ടത്തിലും 400 മീറ്ററില്‍ ഒന്നാമെത്തി. ഓള് ഇന്ത്യാ തലത്തില്‍ ദില്ലിയില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതോടെയാണ് ഈ വാടക വീട്ടുകാരിക്ക് ജമൈക്കയിലേക്ക് പരിശീലനത്തിനുള്ള അവസരം ഒരുങ്ങിയത്.
പോരാട്ടം ജീവിതത്തിലും ട്രാക്കിലും കൂടപ്പിറപ്പായ ഈ കായികതാരത്തിനുമുണ്ടൊരാഗ്രഹം. സ്വന്തമായി കയറിക്കിടക്കാന്‍, തന്റെ മെഡലുകള്‍ മഴയും വെയിലുമേറ്റ് നശിച്ചുപൊകാതിരിക്കാന് ചെറിയൊരു വീട്.
നേരിട്ട് വിമാനം പോലും കണ്ടിട്ടില്ലാത്ത പ്രസ്കില്ല തനിക്ക് ജമൈക്കയില്‍ പരിശീലനത്തിന് അവസരം ഒരുങ്ങിയെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം ഒന്നു അമ്പരന്നു. പിന്നീട് അഭിമാനം. ഈ അഭിമാന നേട്ടം എന്റെ മാതാപിതാക്കള്‍ക്കും ഒപ്പം എന്റെ ഗുരുക്കന്മാര്ക്കുമാണ് സമര്‍പ്പിക്കുന്നതെന്നു പ്രിസ്കില്ല പറഞ്ഞു.
തോമസ് വര്‍ഗീസ്