രഞ്ജിത്ത് ശങ്കർ തുറന്നുവിട്ട രണ്ടാമത്തെ പ്രേതം പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങുമെന്ന് ഉറപ്പാണ്. ഈ പ്രേതത്തിന് ചിലതൊക്കെ പറയാനുണ്ട്. ചില സത്യങ്ങൾ കണ്ടെത്താനുണ്ട്. അത് എന്തൊക്കെയാണെന്നാണ് നായകൻ ജോണ്‍ ഡോണ്‍ ബോസ്കോ(ജയസൂര്യ)യുടെ സഹായത്തോടെ സംവിധായകൻ പ്രേതം 2 വിൽ കാട്ടിത്തരുന്നത്.
കൗതുകവും ആകാംക്ഷയുമെല്ലാം പ്രേതം 2 വിൽ നിലനിർത്തി കൊണ്ടുപോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. റിസോർട്ടിൽ നിന്നും നേരെ വരിക്കാശേരി മനയിലേക്കാണ് പ്രേതം എത്തുന്നത്. പ്രശ്നങ്ങളുണ്ടാകുന്നതിന് മുൻപ് തന്നെ മെന്‍റലിസ്റ്റ് കളത്തിൽ സ്ഥാനം പിടിച്ചതോടെ ചിത്രം പുതുമയുടെ ട്രാക്കിലാണ് ഓടാൻ പോകുന്നതെന്ന് തുടക്കത്തിലെ സംവിധായകൻ സൂചന തരുന്നുണ്ട്.
മോഹൻലാൽ ഡയലോഗുകൾ കൊണ്ടുള്ള ഒരു ചീട്ടുകൊട്ടാരം തന്നെ തിരക്കഥാകൃത്ത് പ്രേതം 2 വിൽ ഉണ്ടാക്കിവച്ചിട്ടുണ്ട്. സന്ദർഭോജിതമായി ആ ഡയലോഗുകൾ മനയിൽ തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ ചിരി പ്രേക്ഷകരുടെ മുഖത്ത് മിന്നിമറഞ്ഞു. പേടിയും ഗൗരവവും സമാസമം ചേർന്നു വരുന്ന രംഗങ്ങളിൽ ഒരല്പം ചിരിയും കൂടി വരുന്പോൾ സംഗതി വേറെ ലെവലാകും. അതെ പ്രേതം 2 ഇവയെല്ലാം ചേർന്ന ഒരു അഡാറ് കോമഡി ഹൊറർ ത്രില്ലറാണ്.
നിഗൂഢതയുടെ താഴ്വര
നിഗൂഢതയുടെ അംശം പശ്ചാത്തല സംഗീതത്തിന്‍റെ അകന്പടി സേവിച്ച് സിനിമയിൽ തുടക്കം മുതൽ ചുറ്റിക്കറങ്ങുന്നുണ്ട്. അതിനിടയിലേക്കാണ് വരിക്കാശേരി മനയിൽ സിനിമ പ്രേമികളായ ഒരു സംഘം ഷോർട്ട് ഫിലിം ഷൂട്ടിനായി എത്തുന്നത്. ഡെയിൻ ഡേവിഡ്, അമിത് ചക്കാലയ്ക്കൽ, ദുർഗ കൃഷ്ണ, സാനിയ അയ്യപ്പൻ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം പരിചയ സന്പന്നനായ സിദ്ധാർഥ് ശിവ കൂടി ചേരുന്നതോടെ സംഗതി ഉഷാറായി.
സിദ്ധാർഥ് ശിവ പ്രേക്ഷകരെ ചിരിപ്പിക്കാനായി ഓടിച്ചാടി നടക്കുന്പോൾ ചിരിക്കില്ലാന്ന് വാശിപിടിച്ച് ഇരിക്കുന്നവർ പോലും അറിയാതെ ചിരിച്ച് പോകും. അപരിചിതരായ അഞ്ചുപേരുടെ ഒത്തുചേരലും പരിചയപ്പെടലുമെല്ലാം വളരെ രസകരമായി തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. മെന്‍റലിസത്തിന്‍റെ വിവിധ നന്പരുകൾ കാട്ടി ജയസൂര്യ യുവതാരങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്നതിനിടയിലും പക്വമായ അഭിനയ പ്രകടനവും കാട്ടുന്നുണ്ട്.
മെന്‍റലിസ്റ്റ് അല്പം സീരിയസാണ്
കായകൽപ്പ ചികിത്സയ്ക്കായി എത്തിയ ജോണ്‍ ഡോണ്‍ ബോസ്കോ പിള്ളേർക്ക് മുൻപേ തന്നെ സിനിമയിൽ സ്ഥാനം പിടിക്കുന്നുണ്ട്. മനയിലേക്ക് പ്രേതം കയറിക്കൂടിയതിന്‍റെ സൂചനകൾ ആദ്യം കണ്ടെത്തുന്നതും മെന്‍റലിസ്റ്റ് തന്നെ. പ്രേതം എന്തിന് വന്നു…? ആരെ തേടി വന്നു…? വന്നതിന്‍റെ ലക്ഷ്യമെന്ത്..? ഈ ചോദ്യങ്ങൾ നായകനെ അലട്ടുന്നതോടെ ചിത്രം സീരിയസായി തുടങ്ങും. ഒപ്പം നായകനും.
ആദ്യ പകുതി ഈ ചോദ്യങ്ങൾക്ക് പിന്നാലെയാണ് പ്രേക്ഷകരും നായകനും പായുന്നത്. അതിനിടയിൽ നിഴൽക്കളി കളിച്ച് ഷോർട്ട് ഫിലിം സംഘത്തേയും നായകനേയും പ്രേതം നന്നേ വെല്ലുവിളിക്കുന്നുണ്ട്. ഡെയ്ൻ തന്‍റെ സ്ഥിരം നന്പറുകളിൽ പുതുമ കലർത്തി പ്രേക്ഷകരെ രസിപ്പിക്കുന്പോൾ സാനിയ അയ്യപ്പൻ ഡാൻസ് നന്പറുകൾ കാട്ടിയാണ് പ്രേക്ഷകരെ കൈയിലെടുക്കുന്നത്.
കാമറയുടെ ഓരോ ലീലാവിലാസങ്ങൾ
ഈ പ്രേതം സിനിമകളിൽ സാധാരണ കാമറാമാന് പിടിപ്പത് പണികാണും. ഇവിടെ ഛായാഗ്രാഹകൻ വിഷ്ണു നാരായണ്‍ കാമറകൊണ്ട് ഒട്ടേറെ ലീലാവിലാസങ്ങൾ കാട്ടുന്നുണ്ട്. പേടിക്കില്ലെന്ന് ഉറപ്പിച്ചു വരുന്നവരുടെ മനസിൽ ആകാംക്ഷയുടെ അംശം കടത്തിവിടാൻ ഇത്തിരിയല്ല, ഒത്തിരി പാടാണ്. ഇവിടെ ആ പണി കാമറാമാൻ വൃത്തിയായി ചെയ്തിട്ടുണ്ട്.
അദ്യ പകുതിയിൽ തലപൊക്കിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രണ്ടാം പകുതിയിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നതോടെ സിനിമ ശരിക്കും ആകാംക്ഷാഭരിതമാകും. പിന്നീട് അങ്ങോട്ടുള്ള കളികൾ മെന്‍റലിസ്റ്റ് വെടിപ്പായി തന്നെ കളിച്ച് തീർക്കുന്നുണ്ട്.
കുടുംബ പ്രേക്ഷകർ, യുവജനങ്ങൾ, കുട്ടികൾ അങ്ങനെ ഏത് ഗണത്തിലുള്ളവരും ഈ പ്രേതത്തെ ഇഷ്ടപ്പെടും. കാരണം ചിരിയും കളിയും പേടിപ്പിക്കലും മാത്രമല്ല ഇന്നത്തെ തലമുറ അറിഞ്ഞരിക്കേണ്ട ചില കാര്യങ്ങൾ കൂടി സംവിധായകൻ കാട്ടിത്തരുന്നുണ്ട്.
(സംഭവം കൊള്ളാം… ഉഷാറായിട്ടുണ്ട്.)
വി.ശ്രീകാന്ത്