പ്രേതം രക്ഷിച്ചെന്നു പറഞ്ഞാല്‍ മതിയല്ലോ. ആ നിമിഷത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ 17കാരിയായ അവള്‍ പറയുന്നതങ്ങനെയാണ്. അര്‍ധരാത്രി പീഡിപ്പിക്കാന്‍ വന്നവരെ ഒരു പെണ്‍കുട്ടി ഓടിച്ച കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം. ഡല്‍ഹി സ്വദേശിനിയാണ് ഈ പെണ്‍കുട്ടി. രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ഇടയ്ക്കു നോക്കിയപ്പോള്‍ രണ്ടു പേര്‍ പിന്തുടരുന്നു. ഡല്‍ഹിയിലെ വിജനമായ സ്ഥലമാണെന്നത് അപകട സാധ്യത കൂട്ടുകയും ചെയ്തു.
യുവാക്കാള്‍ പെണ്‍കുട്ടിയുടെ അരയ്ക്കു ചുറ്റിപ്പിടിച്ച് കീഴ്‌പ്പെടുത്താനാണ് ശ്രമിച്ചത്. ശാരീരികമായി ചെറുത്തു നില്‍ക്കാനാവില്ലെന്ന് മനസിലാക്കിയ പെണ്‍കുട്ടി പെട്ടെന്ന് തോന്നിയ ആശയത്തിലാണ് മുടി അഴിച്ചിട്ട് പ്രേതത്തെപ്പോലെ സംസാരിക്കാനും പെരുമാറാനും തുടങ്ങിയത്. ആദ്യം അമ്പരന്ന പീഡകര്‍ ഞെട്ടി. അക്രമികളില്‍ ഒരാള്‍ ഭയചകിതനായി. എന്നാല്‍ രണ്ടാമന്‍ ഇത് വെറും അടവാണെന്ന് പറഞ്ഞ് ധൈര്യം നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു.
എന്തു ചെയ്യണമെന്ന ആശയക്കുഴപ്പത്തിനിടയില്‍ രണ്ടാമന്റെ കയ്യില്‍ മാന്തി മുറിപ്പെടുത്തിയ പെണ്‍കുട്ടി ആ രക്തം കുടിക്കാന്‍ ശ്രമം നടത്തി. ഉച്ചത്തില്‍ അട്ടഹസിക്കുകയും ചെയ്തു. ഇങ്ങോട്ട് ആക്രമിക്കാന്‍ വന്നവനെ മുറിപ്പെടുത്തി ആ രക്തം കുടിച്ച് ആഹ്ലാദിക്കുന്ന പ്രേതമായി പെരുമാറിയ പെണ്‍കുട്ടിയുടെ ഉദ്യമം ഫലിച്ചു. അക്രമികള്‍ ജീവനും കൊണ്ട് ഓടുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്താണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചത്. പെണ്‍കുട്ടിയുടെ പേരും വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.