വി.ശ്രീകാന്ത്
ജയസൂര്യ-അജുവര്‍ഗീസ്-രഞ്ജിത് ശങ്കര്‍ കോമ്പിനേഷന്‍ ടീം മൂന്നാം അങ്കത്തിന് ഇറങ്ങുമ്പോള്‍ പ്രേക്ഷകര്‍ എന്തായിരിക്കും ഉറ്റുനോക്കുന്നതെന്ന് ഈ ത്രയങ്ങള്‍ക്ക് കൃത്യമായി അറിയാം. ചിരിപ്പിക്കണം, ചിന്തിപ്പിക്കണം, പിന്നെ സിംപിളുമായിരിക്കണം. പക്ഷേ പ്രേതം സിനിമ ഇതിനെയെല്ലാം കടത്തിവെട്ടി. പേരിലെ കൗതുകവും ആകാംക്ഷയും സിനിമ തീരുവോളം നിലനിര്‍ത്താന്‍ രഞ്ജിത് ശങ്കറിനും കൂട്ടര്‍ക്കും കഴിഞ്ഞു. വിരസതയിലേക്ക് സിനിമ നീങ്ങുന്നുവെന്ന് തോന്നുന്നിടത്ത് പ്രേതത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ പ്രിയന്‍ (ഷറഫുദീന്‍) പറയുന്നുണ്ട് ഇത് ഒടുക്കത്ത ലാഗിംഗ് ആണല്ലോയെന്ന്… ലാഗിംഗിലേക്ക് വഴുതി വീഴാന്‍ പോയ സിനിമയെ ലാഗിംഗ് എന്ന പദം കൊണ്ട് തന്നെ തട്ടി ഉണര്‍ത്താന്‍ സംവിധായകന്‍ കാട്ടിയ മിടുക്കിനെ അഭിനന്ദിക്കാതിരിക്കാന്‍ പറ്റില്ല.
ഹൊറര്‍ സിനിമകളുടെ നിരയിലേക്ക് പ്രേതത്തിന്റെ പേരും കൂട്ടിവായിക്കാമെങ്കിലും മറ്റ് പലതലങ്ങളിലേക്കും ചിത്രം നമ്മളെ കൂട്ടികൊണ്ടു പോകുന്നുണ്ട്. സമൂഹത്തില്‍ ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ചിലതിലേക്ക് സിനിമ വിരല്‍ ചൂണ്ടുമ്പോള്‍ ആ വിഷയങ്ങള്‍ കഥയുമായി കോര്‍ത്തിണക്കുന്നതില്‍ കാട്ടിയ കണിശത പ്രേതത്തെ ക്ലീഷേ എന്നു പറഞ്ഞുപോയേക്കാവുന്ന നൂല്‍പ്പാലത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നുണ്ട്.
ഒന്നുറപ്പാണ് ഈ ചിത്രം കണ്ടിറങ്ങുന്നതോടെ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഇനി മെന്റലിസ്റ്റിലാകാന്‍ പോകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പ്രേതം കണ്ടിറങ്ങുന്ന ഏതൊരാളുടെയും മനസിലേക്ക് അത്രകണ്ട് ചിത്രത്തിലെ നായകന്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ (ജയസൂര്യ) എന്ന മെന്റിലിസ്റ്റ് ഇറങ്ങി ചെല്ലുന്നുണ്ട്. മെന്റലിസ്റ്റോ അതെന്താടാ എന്നു ചോദിക്കുന്ന കൂട്ടുകാരോട് നീ പ്രേതം സിനിമ പോയി കാണെടാ അപ്പോള്‍ എല്ലാം മനസിലാകുമെന്ന് പറയാനെ പറ്റു. പറഞ്ഞ് ഫലിപ്പിക്കുന്നതിനുമപ്പുറം ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന മെന്റലിസ്റ്റ് കഥാപാത്രത്തെ ജയസൂര്യ അസാമാന്യമായി കൈകാര്യം ചെയ്തിട്ടുണ്ട്.
കടല്‍ തീരത്തിനോട് ചേര്‍ന്ന് ഒരു റെസ്‌റ്റോറന്റ് സ്വന്തമാക്കി അതിലൂടെ ജീവിതം പച്ചപിടിപ്പിക്കാന്‍ ശ്രമിക്കുന്ന ഡെന്നി (അജു വര്‍ഗീസ്) ഷിബു (ഗോവിന്ദ് പത്മസൂര്യ) പ്രിയന്‍(ഷറഫൂദീന്‍) എന്നീ മൂന്ന് യുവാക്കളിലൂടെയാണ് പ്രേതം മുന്നോട്ട് നീങ്ങുന്നത്. ആദ്യ പകുതിയില്‍ ഉടനീളം ചിരി ഉണര്‍ത്തുന്ന ഡയലോഗുകള്‍ കൊണ്ട് അജുവും ഷറഫുദീനും പ്രേക്ഷകരെ കൈയിലെടുത്തപ്പോള്‍ യേശു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ധര്‍മജന്‍ ഒരുപിടി ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചോദിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്നു. ഗോവിന്ദ് പത്മസൂര്യ, പേളിമണി എന്നീ രണ്ട് താരങ്ങള്‍ക്ക് തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന സംഗീത ആല്‍ബം ഇറക്കിയത് കൊണ്ടുണ്ടായ ചീത്ത പേര് ഈ ഒരു സിനിമയോടു കൂടി മാറി കിട്ടുമെന്നു പറയാം. സംവിധായകന്‍ വിശ്വാസത്തോടെ ഏല്‍പ്പിച്ച കഥാപാത്രങ്ങളെ അവര്‍ കൈയടക്കത്തോടെ തന്നെ ചെയ്തു.
റെസ്‌റ്റോറന്റ് ഉടമകളുടെ വീക്ക്‌നസിനെ ചുറ്റിപറ്റി ചില അസ്വാഭാവിക സംഭവങ്ങള്‍ രൂപപ്പെടുന്നതോടെയാണ് കഥയുടെ ഗതി പതുക്കെ മാറാന്‍ തുടങ്ങുന്നത്. പിന്നീട് ഉണ്ടാകുന്ന തോന്നലുകളും അങ്കലാപ്പുകളിലൂടെ ആദ്യ പകുതിയലേക്ക് വഴുതി വീഴുന്നതിന് മുമ്പ് കഥയുടെ ചരട് സംവിധായകന്‍ മെന്റലിസ്റ്റിനെ ഏല്‍പ്പിക്കുകയാണ്. പിന്നീട് സംഭവിക്കുന്നതെല്ലാം പ്രേക്ഷകന് പുത്തന്‍ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. അത്രയും നേരം കൊണ്ട് ഉടലെടുത്ത പ്രേതം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം നല്കിയാണ് ഒന്നാം പകുതി അവസാനിക്കുന്നത്.
മെന്റലിസ്റ്റിന്റെ മാനറിസങ്ങളെ സസൂക്ഷ്മം വീക്ഷിക്കാന്‍ ഒരുങ്ങിയിരിക്കുന്നരുടെ മുന്നിലേക്ക് രണ്ടാം പകുതിയില്‍ അവര്‍ ഒന്നാം പകുതിയില്‍ തന്നെ പ്രതീക്ഷിച്ച ഒരു സംഭവം എത്തുന്നതോടെ കഥാഗതിക്ക് മാറ്റം ഉണ്ടാകുന്നു. ഒരു മെന്റലിസ്റ്റിന്റെ മേന്മകള്‍ മാത്രമല്ല പോരായ്മകളും ചിത്രത്തില്‍ എടുത്തു കാട്ടുന്നതോടെ മനസ് വായിക്കാന്‍ കഴിവുള്ള മെന്റലിസ്റ്റ് അമാനുഷികനല്ലായെന്നു കാട്ടാനും സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. സസ്‌പെന്‍സുകള്‍ നിറഞ്ഞ രണ്ടാം പകുതിയില്‍ ദേവന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ കടന്നു വരുന്നുണ്ട്. ലുക്കില്‍ മാറ്റം വരുത്തി എത്തിയ ജയസൂര്യയേയും കടലോര കാഴ്ചകളേയും മികവോടെ കാമറകണ്ണുകളില്‍ കൂടി ഒപ്പിയെടുത്ത് പ്രേക്ഷകരിലെത്തിക്കാന്‍ ജിത്തു ദാമോദറെന്ന ഛായാഗ്രഹകന്‍ വിജയിച്ചുവെന്നു പറയാം. ചിത്രത്തിലെ ഒരേ ഒരു ഗാനം കല്ലുകടിയായും ഇടയ്ക്ക് എവിടെയോ വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ വിസ്മയത്തുമ്പത്തെന്ന സിനിമയേയും ഓര്‍മിപ്പിച്ചതൊഴിച്ചാല്‍ കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ തക്കവണ്ണം രസകരമായി തന്നെയാണ് രഞ്ജിത് ശങ്കര്‍ പ്രേതം ഒരുക്കിയിരിക്കുന്നത്. കണ്ടുപഴകിയ പ്രേത കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് പ്രേതം. ഒന്നുറപ്പാണ് ചിത്രം കണ്ടിറങ്ങുന്ന ഏതൊരാളേയും പ്രേതവും മെന്റിലിസ്റ്റും കുറച്ചു സമയമെങ്കിലും വിടാതെ പിന്‍തുടരും.
(സസ്‌പെന്‍സ് സസ്‌പെന്‍നായി നിലനിന്നാലെ പ്രേതം കാണാനൊരു ആവേശം ഉണ്ടാകു. അതുകൊണ്ട് തന്നെയാണ് പ്രേതം എന്ന കഥാപാത്രത്തെ പറ്റി കൂടുതല്‍ പറയാത്തത്. രണ്ടോ മൂന്നോവട്ടം ആലോചിച്ച് തലപുകയ്ക്കാതെ ധൈര്യസമേതം തിയറ്ററില്‍ പോയിരുന്ന കാണാവുന്ന ചിത്രമാണ് പ്രേതം.)