കൊച്ചി: കേരള ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി നൂറു കോടിയോളം രൂപ തട്ടിയ കേസില്‍ പോലീസ് പിടിയിലായ പ്രതി നിസാരക്കാരനല്ല.
ഇയാളുടെ തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍പേരും പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും പെന്ഷന് ആയവരാണെന്നാണ് പോലീസ് നൽകുന്ന വിവരം.
14 ശതമാനം പലിശയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ എടുത്താണ് പ്രതി പ്രധാനമായും തട്ടിപ്പ് നടത്തിയിരുന്നത് എന്നും പോലീസ് വ്യക്തമാക്കുന്നു. കേസില്‍ അടൂര്‍ ചൂരക്കോട് മുല്ലശേരിയില്‍ ഉണ്ണികൃഷ്ണന് (56) ആണ് സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേറെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായിരുന്ന കൃഷ്ണന്‍നായരെയും എറണാകുളം ബ്രാഞ്ച് മാനേജര്‍ ഗോപാലകൃഷ്ണനുമാണ് മുൻപ് പിടിയിലായത്.
ഉണ്ണികൃഷ്ണന്റെ അറസ്റ്റ് പുറത്തുവന്നതോടെ കബളിപ്പിക്കപ്പെട്ടവർ കൂടുതലായി എത്തുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. പ്രതിക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ 17 കേസുകളും നോര്‍ത്ത് സ്റ്റേഷനില്‍ ഒന്നും ഹില്‍ പാലസില്‍ ഒന്ന്, ആലപ്പുഴയില്‍ 12 കേസും ചേര്‍ത്തലയിലും തിരുവനന്തപുരത്തും രണ്ട് കേസുകള്‍ വീതവും നിലവിലുണ്ട്.
പെന്‍ഷനായി ലഭിച്ച തുക സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ മാസം നിക്ഷേപകര്‍ക്ക് ശമ്പളം പോലെ ഒരു തുക കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണു തട്ടിപ്പിനിരയാക്കുന്നത്.
ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ്, ഷിപ്പ്യാര്ഡ്, കെആര്‍എല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് പെന്‍ഷനായി വന്ന പലരും ഈ കെണിയില്‍ അകപ്പെട്ടിട്ടുണ്ട്.
പെന്ഷന് തുകയില്‍ കിട്ടുന്ന ലക്ഷങ്ങളാണ് ചിലര്‍ പ്രതിയുടെ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്. ആദ്യമാസങ്ങളില്‍ കൃത്യമായി പലിശ കൊടുത്ത് പ്രതി ആളുകളുടെ വിശ്വാസം പറ്റും.
അതിനുശേഷം അവര്‍ വഴി അവരുടെ കൂടെ ജോലി എടുത്തിരുന്ന ആളുകളുടെയും പണം പ്രതിയുടെ സ്ഥാപനത്തില്‍ നിക്ഷേപിക്കുകയായിരുന്നു രീതി.
നിക്ഷേപകരെ പറ്റിച്ച പണം ഉപയോഗിച്ച് തിരുവനന്തപുരത്തും കൊച്ചിയിലും നിരവധി സ്ഥലങ്ങളും ആഡംബര പാസഞ്ചര്‍ ബസുകളും വാങ്ങി കൂട്ടിയിരുന്നതായി പോലീസ് വ്യക്തമാക്കി.
സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരിനോട് സാമ്യം തോന്നുന്ന വിധത്തില്‍ കേരള ഹൗസിംഗ് ഫിനാന്‍സ് കോര്പ്പറേഷന് എന്ന സ്ഥാപനമാണു പ്രതി ആരംഭിച്ചത്. കേരളത്തിലും തമിഴ്നാട്ടിലുമായി 29 ബ്രാഞ്ചുകളാണുള്ളത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ബ്രാഞ്ചുകള്‍ എല്ലാം അടച്ചുപൂട്ടി പ്രതി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മുമ്പ് പലപ്രാവശ്യം പ്രതി പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു.
ഇതേത്തുടര്‍ന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ. ലാല്‍ജി, സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു.
സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തില്‍ പ്രതി ഇന്നലെ തൊടുപുഴയിലുണ്ടെന്ന് അന്വേഷണസംഘത്തിന് വ്യക്തമായ അറിയിപ്പ് ലഭിച്ചു. ഇതേത്തുടര്‍ന്ന് ഇവിടെയെത്തിയാണു പ്രതിയെ കുടുക്കിയത്. വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ രക്ഷപ്പെടാനായി പ്രതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.