പാലോട്: തൊളിക്കോട് പുളിമൂട് ജെഎസ് ഫ്ലാറ്റിൽ അബ്ത്തുൽ സത്താറിന്റെ വീട്ടിൽ രാത്രി അതിക്രമിച്ചു കയറി സത്താറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ നാലുപേരെ പാലോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
വർക്കല പുത്തൻചന്ത കളിയിൽ റോഡ് വയലിൽ വീട്ടിൽ നൗഷാദ്(23), നെയ്യാറ്റിൻകര പെരുംപഴുതൂർ കടവൻകോട് കോളനിയിൽ എൻഎംസി 363-ാം നമ്പർ വീട്ടിൽ ലാലു എന്ന ശ്യാംകുമാർ(23),പെരുംപഴുതൂർ കളത്തുവിള കല്ലുമല മനു ഭവനിൽ മനു(23),പെരുംപഴുതൂർ വടക്കോട് പത്തംതല പുത്തൻവീട്ടിൽ അനൂപ്(20) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ നാലു പേരെ കൂടി പിടികൂടാനുണ്ട്. തൊളിക്കോട്ടെ ക്രമിനൽ കേസുകളിൽ പ്രതിയായ ഒരാൾ ജയിലിൽ വച്ചു ക്വട്ടേഷൻ നൽകിയത് അനുസരിച്ചാണ് തങ്ങൾ കൃത്യത്തിലേർപ്പെട്ടതെന്ന് പ്രതികൾ സമ്മതിച്ചതായും ഇവർക്ക് കഞ്ചാവ്, മയക്കുമരുന്ന് ലോബികളുമായി അടുത്ത ബന്ധം ഉള്ളതായും പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം.
സംഘം വീട്ടിൽ കയറി സത്താറിനെ രണ്ടുതവണ വെട്ടിയെങ്കിലും ബഹളം കേട്ട് നാട്ടുകാർ ഓടികൂടിയതിനാൽ സംഘം മുങ്ങി. സത്താറും ക്വട്ടേഷൻ നൽകിയ ആളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.പിടിയിലായ നൗഷാദിന് ഭവനഭേദനം, മാലപൊട്ടിക്കൽ,ഗുണ്ടാപ്രവർത്തനം, കഞ്ചാവ് വിൽപ്പനഅടക്കം വർക്കല,പരവൂർ, ചാത്തന്നൂർ, പാരിപള്ളി, പോത്തൻകോട്,ആറ്റിങ്ങൽ സ്റ്റേഷനുകളിലായി 40 ലേറെ കേസുകളും ചിലതിൽ വാറണ്ടുകളും നിലവിലുണ്ട്. മറ്റ് മൂന്ന് പ്രതികൾ പത്തോളം കേസുകളിൽ പ്രതിയും അനവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരുമാണ്. റൂറൽ എസ്പി അശോക് കുമാർ, നെടുമങ്ങാട് ഡിവൈഎസ്പി അനിൽകുമാർ, പാലോട് സർക്കിൾ ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാർ, കിരൺ, എഎസ്ഐ രാജൻ, സിപിഒമാരായ വിനോദ്, സാജു, പ്രദീപ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.