മൂലമറ്റം: നാടിനെ നടുക്കിയ മൂന്നുങ്കവയൽ ഇടത്തൊട്ടിയിൽ ജോമോന്റെ കൊലപാതക കേസിലെ ഒളിവിൽ പോയ പ്രതി ജെറീഷിനായി പോലീസ് അന്വേഷണം ഉൗർജി തമാക്കി. കേസിൽ പോലീസ് അറസ്റ്റു ചെയ്ത പ്രതിയുടെ മാതാപിതാക്കളായ തോട്ടുചാലിൽ തോമസിനെയും ലീലാമ്മയേയും ജനുവരി ആറു വരെ കോടതി റിമാൻഡ് ചെയ്തു. തോമസിനെ മൂവാറ്റുപുഴ സബ് ജയിലിലേക്കും ലീലാമ്മയെ കാക്കനാട് വനിതാ ജയിലിലേക്കുമാണ് മാറ്റിയത്.
ജെറീഷും പിതാവും ലോട്ടറി വിൽപനക്കാരാണ്. തോമസ് പട്ടികജാതിക്കാരിയായ ലോട്ടറി വിൽപനക്കാരി സ്ത്രീയെ തലയ്ക്ക് ചുറ്റികയ്ക്കടിച്ചു പരിക്കേൽപിച്ച കേസിൽ ജാമ്യം നിൽക്കാൻ പറഞ്ഞപ്പോൾ ജോമോൻ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.
ഒരാഴ്ച മുന്പാണ് ചുറ്റികയ്ക്കടിച്ച സംഭവം നടന്നത്. ബുധനാഴ്ച രണ്ടോടെ ഓട്ടോറിക്ഷയുമായി എത്തി ജെറീഷ് ജോമോനെ വിളിച്ചു കൊണ്ടു പോകുകയായിരുന്നു. മൂന്നുങ്കവയലിലെ മദ്യശാലയിൽ നിന്നും മദ്യം വാങ്ങിയാണ് ഇവർ ജെറീഷിന്റെ വീട്ടിലെത്തിയത്. മദ്യം കഴിച്ചശേഷമുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ജോമോന്റെ പുറത്തേറ്റ കുത്താണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. 16 സെന്റീമീറ്ററിൽ കൂടുതൽ നീളമുള്ള കത്തി കൊണ്ട് പിന്നിൽ നിന്നുമുള്ള കുത്ത് നെഞ്ചു പിളർന്നു മുൻ വശത്ത് എത്തിയിരുന്നു.
ബുധനാഴ്ച്ച തന്നെ ജോമോൻ കൊല്ലപ്പെട്ടിരുന്നു. അന്ന് രാത്രിയിൽ തന്നെ ജെറീഷും, പിതാവും ചേർന്നു പറന്പിലൂടെ വലിച്ചുകൊണ്ടു പോയി മൃതദേഹം തോട്ടിലേക്ക് ഇടുകയായിരുന്നു.
ജോമോന്റെ ഷർട്ടും, കൈലിയും ഇതിനു സമീപത്തു തന്നെ ഉപേക്ഷിക്കുകയും ചെയ്തു. ജെറീഷും പിതാവും നേരത്തെ കശാപ്പുകാരായിരുന്നു. കശാപ്പു കത്തി ഉപയോഗിച്ചു കുത്തിയെന്നാണു നിഗമനം. ജെറീഷിനെ പിടികൂടിയാൽ മാത്രമെ കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെത്താനാകു. ജോമോന്റെ സഹോദരിയും, മാതാവും ജോമോനെ അന്വേഷിച്ച് ജെറീഷിന്റെ വീട്ടിൽ ചെല്ലുന്പോൾ ജോമോൻ തോട്ടിൽ മരിച്ചു കിടക്കുകയായിരുന്നു. മൃതദേഹം പുറത്തെടുക്കുന്പോൾ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതിനിടയ്ക്കു ജെറീഷ് മദ്യവും വാങ്ങി അറക്കുളത്ത് കറങ്ങുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ജോമോന്റെ ശരീരത്തിലുള്ള മറ്റു മുറിവുകൾ മൃഗങ്ങൾ കടിച്ചുണ്ടായതാണെന്നാണ് ഡോക്ടറുടെ നിഗമനം. കൊലപാതകത്തിനു ശേഷം ഇവർ വീടു കഴുകിയെന്നു ജെറീഷിന്റെ അമ്മ പറഞ്ഞു. കൂടാതെ രക്തം പുരണ്ട തുണി, കൈകൾ കൂട്ടികെട്ടിയതാണെന്നു കരുതുന്ന വിധത്തിലുള്ള തുണിയുടെ തേര്, മുറിക്കകത്തും വാതിൽ പടിയിലും പറ്റിയിരുന്ന രക്തം എന്നിവ സയന്റിഫിക് വിദഗ്ധർ ശേഖരിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നും പോലീസ് നായ സ്റ്റെഫി വന്ന് കൊലപാതകം നടന്ന വീടും പരിസരവും പരിശോധിച്ചെങ്കിലും പറന്പിനു ചുറ്റും ഓടിയ ശേഷം മൃതദേഹം കിടന്നിടത്ത് വന്ന് നിൽക്കുകയാണ് ചെയ്തത്.
കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമാർട്ടത്തിനു ശേഷം ഇന്നലെ ജോമോന്റെ സംസ്കാരം നടത്തി. കാഞ്ഞാർ സി.ഐ മാത്യു ജോർജ്, എസ്. ഐ പി എം ഷാജി, അഡീഷണൽ എസ് ഐ മാരായ രമേശൻ, സദാശിവൻ, സാജൻ എന്നിവർക്കാണ കേസിന്റെ അന്വേഷണ ച്ചുമതല.