കൊച്ചി: ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ മൂന്നു പ്രതികൾക്ക് ജീവപര്യന്തം തടവ്. രണ്ടാംപ്രതി സജൽ, മൂന്നാംപ്രതി നാസർ, അഞ്ചാംപ്രതി നജീബ് എന്നിവരെയാണ് കൊച്ചിയിലെ എൻഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
കേസിലെ ഒമ്പതാംപ്രതി നൗഷാദ്, പതിനൊന്നാംപ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാംപ്രതി അയൂബ് എന്നിവർക്ക് മൂന്നുവര്‍ഷം തടവും കോടതി വിധിച്ചു. പ്രതികൾ നാലുലക്ഷം രൂപ പിഴ ശിക്ഷയായി ടി.ജെ. ജോസഫിന് നൽകണമെന്നും കോടതി വിധിച്ചു.
രണ്ടാംഘട്ട വിചാരണയുടെ വിധി പ്രസ്താവമാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഇന്ന് നടന്നത്. പ്രതികൾ കുറ്റക്കാരാണെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്നു വ്യക്തമാക്കിയ കോടതി, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കല്‍, ഒളിവില്‍ പോകാന്‍ സഹായിക്കല്‍, ആയുധംകൊണ്ട് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകളും കണ്ടെത്തിയിരുന്നു.
വിചാരണ നേരിട്ട അഞ്ചു പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. ഷഫീഖ്, അസീസ്, സുബൈര്‍, മുഹമ്മദ് റാഫി, മന്‍സൂര്‍ എന്നിവരെയാണ് വെറുതെ വിട്ടത്.
2010 ജൂലൈ നാലിനാണു തൊടുപുഴ ന്യൂമാന്‍ കോളജിലെ പ്രഫസര്‍ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൃത്യമാണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍.
ആദ്യഘട്ട വിചാരണയില്‍ 31 പേരില്‍ 13 പേരെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. പ്രാഥമിക ഘട്ടത്തില്‍ കേരള പോലീസ് അന്വേഷിച്ച കേസ് 2011 മാര്‍ച്ച് ഒമ്പതിനാണ് എന്‍ഐഎ ഏറ്റെടുത്തത്.