പത്തനാപുരം: തമിഴ്നാട്ടിലെ പുളിയന്‍കുടിയിൽ ചെറുനാരങ്ങ ഉൽപാദനം കുറഞ്ഞതോടെ വിപണിയിൽ ക്ഷാമം തുടരുന്നു.ആന്ധ്രയിൽ നിന്നെത്തുന്ന നാരങ്ങയെ ആശ്രയിച്ചാണ് വ്യാപാരികളുടെ ഇപ്പോഴത്തെ വിപണനം.കിലോയ്ക്ക് വിലയും നൂറ് കടന്നിട്ടുണ്ട്. ആന്ധ്ര നാരങ്ങ അറുപത് മുതൽ എൺപത് രൂപയ്ക്കാണ് വിൽപന നടത്തുന്നത് .
അടുത്ത മാസം കല്ല്യാണ സീസണാകുന്നതോടെ മാർക്കറ്റുകളിൽ ചെറുനാരങ്ങയ്ക്ക് ആവശ്യക്കാർ കൂടും.ഉൽപാദനം കുറയുകയും ആവശ്യക്കാരേറുകയും ചെയ്തതോടെയാണ് ചെറുനാരങ്ങാ വില വർദ്ധിക്കാൻ കാരണം.കേരളത്തിൽ ഉൽപാദനം വിരളമായതിനാല്‍ വ്യാപാരികൾ ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്.
പുളിയൻകുടിക്ക് പുറമേ മധുര, രാജമുടി എന്നിവിടങ്ങളിൽ നിന്നാണ് ദിനംപ്രതി ടൺ കണക്കിനു ചെറുനാരങ്ങ കേരളത്തിലേക്ക് എത്തുന്നത്.എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇവിടങ്ങളിൽ ചെറുനാരങ്ങ തീരെ ഇല്ല. ആളുകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് നാരങ്ങ നൽകാൻ കഴിയാത്തത് വിപണിയെ ബാധിക്കുന്നുണ്ടെന്ന് നാരങ്ങ മൊത്തവ്യപാരികളും പറയുന്നു .