കോട്ടയം: ജില്ലയില്‍ ഓരോ സ്ഥലത്തും ഓരോ കടയിലും അവശ്യസാധനങ്ങള്‍ക്കു തോന്നിയ വില. അരിക്കും പച്ചക്കറിക്കും മീനിനും ഇറച്ചിക്കുമൊക്കെ വിലയില്‍ ഏകീകരണമില്ല. ഉദ്യോഗസ്ഥരൊന്നാകെ ഒരു മാസമായി നവകേരള സദസ് കെങ്കേമമാക്കാനുള്ള സ്പെഷല്‍ ഡ്യൂട്ടിയിലായിരുന്നു. സദസ് കഴിഞ്ഞതോടെ അവധിയും വിശ്രമവും.
ഭക്ഷ്യം, അളവുതൂക്കം, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ വില ചൂഷണവും തൂക്കം വെട്ടിപ്പും അറിഞ്ഞ മട്ടുകാണിക്കുന്നില്ല. അളവു തൂക്കസാമഗ്രികളുടെ പരിശോധന നടന്നിട്ട് മാസങ്ങളായി. പരിപ്പ്, പയര്‍ ഇനങ്ങള്‍ക്ക് ഹോള്‍സെയില്‍ വിലയേക്കാള്‍ നൂറു രൂപയിലധികം ചിലര്‍ ഈടാക്കുന്നു. പഴം ഇനങ്ങള്‍ക്ക് ഓരോ കടയിലും തോന്നിയ വില. ഒരേയിനം അരിക്ക് അഞ്ചു രൂപയുടെ വില വ്യത്യാസം.
കടകളില്‍ സാധനവില എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം. പച്ചക്കറി വിലയിലാണ് പ്രധാനമായും കൊള്ള. നിലവിലെ വിലക്കയറ്റത്തിന് കാരണം ജില്ലാഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പോത്തിറച്ചിക്ക് വില 370 മുതല്‍ 410 വരെ. ഇതര സംസ്ഥാനത്തുനിന്ന് ഇടനിലക്കാര്‍ എത്തിച്ചുകൊടുക്കുന്ന മാടിന്റെ ഇറച്ചിക്ക് ഓരോ കശാപ്പുകടയിലും ഓരോ വില. ലൈസന്‍സോ മറ്റ് മാനദണ്ഡങ്ങളോ ഇല്ലാതെയാണ് ഏറെയും പ്രവര്‍ത്തനം.
വില നിയന്ത്രിക്കുന്നതിലും ഏകീകരിക്കുന്നതിലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇടപെടാം. എറണാകുളം മുതല്‍ വടക്കോട്ട് പോത്തിറച്ചിക്ക് 300-325 രൂപയില്‍ താഴെയാണ് വില. പന്നിയിറച്ചിക്ക് അവിടങ്ങളില്‍ വില 220 രൂപ. ജില്ലയില്‍ പന്നിയിറച്ചിവില 300 കടന്നു. ക്രിസ്മസ്-പുതുവത്സര സീസണില്‍ വില ഇനിയും വര്‍ധിപ്പിക്കാനാണു നീക്കം.