പത്തനംതിട്ട: അവശ്യസാധനങ്ങളുടെ വിലക്കയറ്റംമൂലം കുടുംബ ബജറ്റുകള്‍ താളംതെറ്റി. നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറിയുടെയും വില കുതിച്ചുയരുമ്പോഴും വിപണി ഇടപെടല്‍ നടത്താനാകാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തികളായി മാറി.
സപ്ലൈകോ സ്ഥാപനങ്ങള്‍ ഏറെക്കുറെ കാലിയാണ്. സബ്സിഡി ഉത്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ തീരുമാനമായതോടെ കൂടിയ വിലയ്ക്ക് ഇനി ഇവ എത്തുമെന്നാണ് പ്രതീക്ഷയാണ്. ഇതോടെ പൊതുവിപണിയിലും വീണ്ടും വില ഉയര്‍ന്നേക്കാം.
കേരളത്തിലെ പൊതുവിപണിയില്‍ വില തീരുമാനിക്കുന്നത് ഇടനിലക്കാരാണ്. ഉത്പന്നങ്ങള്‍ ഏറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്നവയായതിനാല് വിലയുടെ നിയന്ത്രണവും ഇടനിലക്കാരിലാണ്.
സപ്ലൈകോ, ത്രിവേണി മാര്‍ക്കറ്റുകളിലൂടെ മുന്‍പ് ന്യായവിലയില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നതിനാല്‍ പൊതുവിപണിയിലെ വിലയും നിയന്ത്രണ വിധേയമായിരുന്നു.
സപ്ലൈകോയില്‍ സബ്സ്ഡി ഉത്പന്നങ്ങള്‍ക്ക് ഓണത്തിനു മുന്‍പേ ക്ഷാമമാണ്. മാവേലി സ്റ്റോറുകളില്‍ ഇപ്പോള്‍ സാധനങ്ങള്‍ ലഭ്യമേയല്ലെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്. സബ്സിഡി ഇതര ഉത്പന്നങ്ങളും സപ്ലൈകോയില്‍ സ്റ്റോക്കില്ലാത്ത അവസ്ഥയുണ്ട്.
പിടിച്ചു നില്‍ക്കാനാകുന്നില്ലെന്ന് ഹോട്ടല്‍ ഉടമകള്‍
പൊതുവിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം കാരണം പിടിച്ചുനില്ക്കാനാകുന്നില്ലെന്ന് ഹോട്ടല്‍ ഉടമകള്‍. പച്ചക്കറിക്കും പലവ്യഞ്ജനത്തിനും പ്രതിദിനം വില ഉയരുകയാണ്.
ഇതിനൊപ്പം പാചകവാതകം, വൈദ്യുതി, വെള്ളക്കരം, ഇതര നികുതികള്‍ ഇവയും വര്‍ധിച്ചുവരുന്നു. നിത്യച്ചെലവുകളുടെ വര്‍ധന കാരണം ഭക്ഷണസാധനങ്ങള്‍ക്ക് വില വര്ധിപ്പിക്കണമെന്നാവശ്യമുണ്ട്.
ശബരിമല തീര്‍ഥാടനകാലത്തിനു മുന്‍പായി ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു നല്‍കിയിട്ടില്ല. ഇപ്പോഴത്തെ വിലയില്‍ ഭക്ഷണസാധനങ്ങള്‍ വില്‍ക്കാനാകില്ലെന്ന നിലപാടാണ് ഹോട്ടല്‍ ഉടമകള്‍ക്കുള്ളത്.
റോഡുകളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പിഴ ഈടാക്കുന്നത് ഏറിയതോടെ വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ ഇടിവുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു.
ജനകീയ ഹോട്ടലുകളും പൂട്ടി
പിടിച്ചു നില്‍ക്കാനാകാതെ കുടുംബശ്രീ ജനകീയ ഹോട്ടലുകളും പൂട്ടി. ജില്ലയില്‍ 58 ഹോട്ടലുകള്‍ തുറന്നതില്‍ 29 എണ്ണവും പൂട്ടി. ശേഷിക്കുന്നവയും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.
ജനകീയ ഹോട്ടലുകള്‍ക്കുള്ള സര്‍ക്കാര്‍ സബ്സിഡി പിന്‍വലിച്ചതോടെ ഇവയുടെ വില വര്‍ധിപ്പിച്ച് സാധാരണ ഹോട്ടലുകളായി പ്രവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ്.ഊണിനു വില കൂടിയതോടെ ഉപഭോക്താക്കളുടെ വരവു കുറഞ്ഞു. 20 രൂപയ്ക്ക് ഊണ് നല്‍കിയായിരുന്നു തുടക്കം.
ഇതില്‍ പത്തു രൂപ സര്‍ക്കാര്‍ സബ്സിഡിയായി നല്‍കിയിരുന്നു. സബ്സിഡി തുക ലഭ്യമാകാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. 10.90 രൂപയ്ക്ക് ഇപ്പോഴും അരി ലഭിക്കുന്നുണ്ട്.
കോവിഡ് കാലത്ത് കമ്യൂണിറ്റി കിച്ചണുകളായി തുടങ്ങുകയും പിന്നീട് ഇവയെ ജനകീയ ഹോട്ടലുകളാക്കി മാറ്റുകയുമായിരുന്നു. മുറിവാടക, വൈദ്യുതി, വെള്ളക്കരം എന്നിവ തദ്ദേശസ്ഥാപനങ്ങളാണ് വഹിച്ചിരുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ജനകീയ ഹോട്ടലുകളെയും ബാധിച്ചു. വിറ്റുവരവ് സാധനങ്ങള്‍ വാങ്ങാനായി മാത്രം ചെലവാക്കേണ്ടി വരികയാണ്. വിഭവങ്ങള്‍ കുറവായതിനാല്‍ ആളുകള്‍ കയറാത്ത കാരണവും ഉണ്ട്.