ഇരിങ്ങാലക്കുട: മാപ്രാണം സ്വദേശി തെങ്ങോലപ്പറന്പിൽ തോമസ് – പ്രിൻസി ദന്പതികൾക്ക് ബാങ്കിൽ നിന്ന് ലഭിക്കാനുള്ളത് 18 ലക്ഷം രൂപ.
പറപ്പൂക്കര പഞ്ചായത്ത് ഓഫീസ് ജീവനക്കാരിയായിരുന്നു പോളിയോ മൂലം കാലിനു വൈകല്യമുള്ള പ്രിൻസി. 23 കൊല്ലത്തെ സർവീസിനുശേഷം വിരമിച്ചപ്പോൾ ലഭിച്ച മുഴുവൻ തുകയും ബാങ്കിൽ നിക്ഷേപിച്ചു.
ഹൃദ്രോഗിയായ ഭർത്താവിന്റെ ശസ്ത്രക്രിയ ആവശ്യത്തിന് ബാങ്കിനെ സമീപിച്ചെങ്കിലും തുച്ഛമായ തുകയാണു ലഭിച്ചതെന്നും 5000 രൂപയ്ക്കു പോലും ചെല്ലുന്പോൾ കിട്ടാത്ത സ്ഥിതിയാണെന്നും പ്രിൻസി പറഞ്ഞു.
ഭർത്താവ് തോമസിന് ബൈപാസ് സർജറി കഴിഞ്ഞിരിക്കുകയാണ്. തുടർന്ന് ടെസ്റ്റുകൾ ആവശ്യമുണ്ട്. അതിനു വലിയ ചെലവുവരുന്നുണ്ട്.
എന്നാൽ, ബാങ്കിൽനിന്നു നാലു മാസത്തിലൊരിക്കൽ 10,000 രൂപയേ കിട്ടൂ. പൈസ ഇല്ലാത്തതിനാൽ ചികിത്സ മുടങ്ങിയിരിക്കുകയാണ്. പണം ലഭിക്കാതായപ്പോൾ മകളുടെ വിവാഹവും പ്രതിസന്ധിയിലായി.