വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് ബന്ധുവായ വയോധികന്റെ കാലറത്തു. കാന്തല്ലൂര്‍ കര്‍ശനാട് സ്വദേശി മുരുകനാ(40)ണ് പിതാവിന്റെ ഇളയ സഹോദരനായ മുത്തുപാണ്ടി(65) യെ വെട്ടിയത്. ഇന്നലെ രാവിലെ 9.45 ന് കോവില്‍ക്കടവ് ഓട്ടോ സ്റ്റാന്‍ഡിനു സമീപമായിരുന്നു സംഭവം. കടയുടെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന മുത്തുപാണ്ടിയെ മുരുകന് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. മുത്തുപാണ്ടിയുടെ ഇടത്തെ കാല് പൂര്‍ണമായി അറ്റുപോയി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഇന്‍സ്പെക്ടര്‍ വി.ആര് ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസാണ് മുത്തുപാണ്ടിയെ ആശുപത്രിയിലെത്തിച്ചത്. സി.എച്ച്.സിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മുത്തുപാണ്ടിയെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചു. ആക്രമണത്തിനുശേഷം ഒളിവില്‍പോയ മുരുകനുവേണ്ടി പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച ഇവരുടെ ബന്ധുവിന്റെ കല്യാണത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.
അതേസമയം മുത്തുപ്പാണ്ടി പോലീസിന് നല്‍കിയിരിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവം ദുരഭിമാന അക്രമണമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതര സമുദായക്കാരുടെ വീട്ടില്‍ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നത് മുരുകന് എതിര്‍ത്തിരുന്നു. ഇക്കാര്യം പറഞ്ഞ് മുരുകന് നിരന്തരം താനുമായി വഴക്കിടാറുണ്ടായിരുന്നതായും മുത്തുപ്പാണ്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. തമിഴ് തേവര് സമുദായത്തില്‍ പെട്ടവരാണ് ഇവര്‍. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ആളുകള്‍ നോക്കി നില്‍ക്കേ ആയിരുന്നു കാല് വെട്ടിയത്.
കോവില്‍ക്കടവ് ദെണ്ഡുകൊമ്പ് ജംഗ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുന്നിലെ തിണ്ണയില്‍ മുത്തുപാണ്ടി ഇരിക്കുമ്പോഴായിരുന്നു വാക്കത്തിയുമായി വന്ന മുരുകന് കാല് വെട്ടിയത്. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ മുങ്ങുകയും ചെയ്തു. പതിനഞ്ച് മിനിട്ടോളം മുത്തുപാണ്ടി ചോരവാര്‍ന്ന് ഇവിടെ കിടന്നു. പേടി കാരണം ആരും അടുത്തില്ല. തുടര്‍ന്ന് അഞ്ച് കിലോമീറ്റര്‍ അകലെനിന്ന് മറയൂര്‍ പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. മുരുകന് വാക്കത്തിയുമായി വരുന്നതും പോകുന്നതും നാട്ടുകാര്‍ വിരണ്ടോടുന്നതും സമീപമുള്ള കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മുത്തുപ്പാണ്ടിയുടെ അറ്റുപോയ കാല് തുന്നിച്ചേര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.