പൃഥിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ലൂസിഫര്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമുള്ള പൃഥിരാജിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. സെറ്റില്‍ ചിത്രീകരണത്തിനിടെ തലയില്‍ കൈ വച്ച് പോകുന്ന പൃഥിയെയാണ് ചിത്രത്തില്‍ കാണാനാവുന്നത്. ടെന്‍ഷന്‍ കൂടിയത് കൊണ്ടാണോ ഈ ഭാവമെന്നാണ് ആരാധകരുടെ സംശയം. സിനിമയുടെ കപ്പിത്താന് ടെന്‍ഷന്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നാണ് മറ്റു ചിലര്‍ പറയുന്നത്.
സിനിമയുടെ പ്രധാന രംഗം ഏതെങ്കിലുമാകും അതാ ഇത്ര ടെന്‍ഷന്‍’, ‘ദൈവമേ സംവിധാനം ഇത്ര ബുദ്ധിമുട്ടായിരുന്നോ ?’ അങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ പ്രഖ്യാപിച്ചതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമെന്ന നിലയിലും ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെ. അതേസമയം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വണ്ടിപ്പെരിയാറിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ലൂസിഫറിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.
പൃഥ്വിയുടെ സംവിധാന മികവില്‍ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും സന്തുഷ്ടനാണ്. പരിചയസമ്പന്നനായ സംവിധായകന്റെ അവതരണ ശൈലിയാണ് പൃഥ്വിയുടേതെന്നാണ് ലൊക്കേഷനില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സിനിമയാണ് ലൂസിഫര്‍. മഞ്ജു വാര്യര്‍ ചിത്രത്തില്‍ നായികയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, മംമ്ത തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.