കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന് പൃഥിരാജ്. ഈ സംഭവം നടന്നതിനു ശേഷം നടിയ്ക്ക് പിന്തുണയുമായി വളരെച്ചുരുക്കം ആളുകളാണ് വന്നതെന്നത് മലയാളികളെയാകെ നാണം കെടുത്തുന്ന കാര്യമാണ്. പൃഥിരാജിനെയും ഭാമയെയും പോലെ അപൂര്‍വം സിനിമാതാരങ്ങള്‍ മാത്രമാണ് സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായെത്തിയത്. എന്തിനും ഏതിനും പ്രതികരിക്കുന്ന നടന്മാര് ഇക്കാര്യം അറിഞ്ഞമട്ടു കാണിക്കുന്നില്ല. താരസംഘടനയും മൗനം തുടരുന്നു. തമിഴ്നാട്ടില്‍ നടക്കുന്ന ജെല്ലിക്കെട്ടിനുവരെ പിന്തുണ പ്രഖ്യാപിച്ച സൂപ്പര്താരങ്ങളൊ്ന്നും സഹപ്രവര്‍ത്തകയുടെ കണ്ണീരു കണ്ടില്ല. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നതിനു ശേഷം പ്രതികരിക്കാമെന്നു പറഞ്ഞ ഇന്നസെന്റ് എംപിയുടെ വാക്കുകള്‍ സഹപ്രവര്‍ത്തകയെ വിശ്വസിക്കാന്‍ കഴിയില്ല എന്ന ധ്വനിയാണ് നല്‍കുന്നത്. എന്നാല്‍ നടിക്ക് പൂര്‍ണ പിന്തുണയുമായി എത്തിയ പൃഥ്വിരാജ് സംഭവത്തിന്റെ ഗൗരവാവസ്ഥയെ വിലകുറച്ചു കാണരുതെന്നു പറയുന്നു.
നടിയ്ക്കുണ്ടായ അപമാനത്തിന് ഉത്തരവാദികളായ സമൂഹത്തിലെ ഒരു പുരുഷനെന്ന നിലയില്‍ താന്‍ തല കുനിക്കുന്നുവെന്നാണ് പൃഥ്വിയുടെ പ്രതികരണം. ”സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കണം. ക്രൂരത കാട്ടിയവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. നടിയുടെ ധൈര്യത്തെ മാനിക്കുകയാണ് എല്ലാവരും ഈ വേളയില്‍ ചെയ്യേണ്ടത്. സംഭവശേഷം ഞാന്‍ നടിയോട് സംസാരിച്ചിരുന്നു. ഞങ്ങളൊന്നിച്ച് ഒരു സിനിമ ചെയ്യാന്‍ പോകുകയായിരുന്നു. എന്നാല്‍ ഇനി ഉടന്‍ ക്യാമറയ്ക്ക് മുന്നിലേക്ക് ഇല്ലെന്നായിരുന്നു അവളുടെ പ്രതികരണം. അങ്ങനെ പറയുമ്പോള്‍ അവള് അനുഭവിച്ച വേദനയുടെ തീവ്രത തനിക്ക് മനസിലാകും”പൃഥ്വി പറയുന്നു.നടിയ്ക്കുണ്ടായ അപമാനത്തെ പൈങ്കിളിവത്കരിച്ച് വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ക്കെതിരെയും പൃഥ്വിരാജ് വിമര്‍ശനമുന്നയിച്ചു. ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന ദുരന്തം ആഘോഷിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നടിയ്ക്കൊപ്പം കരുത്തായി എന്നുമുണ്ടാകുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.