മലയാള സിനിമാപ്രേക്ഷകള്‍ അങ്ങേയറ്റം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍.
ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഈ അവസരത്തിലാണ് ലൊക്കേഷനില്‍വെച്ച് മോഹന്‍ലാല്‍ പെരുമാറിയ രീതി താരം സന്തോഷത്തോടെ പറയുന്നത്. ലാലേട്ടനില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും താനത് ഭാവിയില്‍ ഉപയോഗിക്കുമെന്നുമാണ് താരം പറയുന്നത്.
ലാലേട്ടന്റെ വലിയ ഫാനാണ് ഞാന്‍.അതിനാല്‍ തന്നെ അദ്ദേഹത്തെ വെച്ച് സിനിമ ചെയ്തത് ഏറ്റവും സന്തോഷിപ്പിച്ച കാര്യമാണ്. ഷോട്ട് റെഡി എന്ന് പറയുന്നതിന് മുമ്പ് വരെ മോനെ എന്ന് വിളിക്കുന്ന ലാലേട്ടന്‍ ഷോട്ട് റെഡിയായി കഴിഞ്ഞാല്‍ സര്‍ എന്നു വിളിച്ച് തുടങ്ങും. അത് ലാലേട്ടനെ പോലുള്ളവര്‍ പിന്തുടരുന്ന സിനിമയിലെ ഒരു റൂളാണ്. ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഞാന്‍ ഉപയോഗിക്കുമെന്നും പൃഥ്വി പറയുന്നു.
ലൂസിഫര്‍ പരാജയപ്പെടുകയാണെങ്കില്‍ ഇനി സിനിമ സംവിധാനം ചെയ്യില്ലെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഒരു പുതുമുഖ സംവിധായകനായതിനാല്‍ മോഹന്‍ലാലെന്ന പ്രതിഭയോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് വഴി ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് രൂപം നല്‍കിയതെന്നും ആയതിനാല്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ കടക്കുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.