മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ കന്നി സംവിധായക സംരംഭമായ ഫാന്റസി ചിത്രം ബറോസില്‍ നിന്ന് നടന് പൃഥിരാജ് സുകുമാരന്‍ പിന്മാറി.
ചിത്രീകരണം മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ ഡേറ്റ് പ്രശ്നങ്ങള്‍ മൂലമാണ് പൃഥിയുടെ പിന്മാറ്റമെന്നാണ് വിവരം.
പൃഥ്വി നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് അഭിനയിക്കുന്നത്. അതിനുശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കും.
ശാരീരികമായ മാറ്റങ്ങളും മറ്റും വേണ്ടിവരുന്ന കഥാപാത്രമായതിനാല്‍ ഈ ചിത്രത്തിനായി സമയം കൂടുതല്‍ മാറ്റിവയ്ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ബറോസില്‍ നിന്ന് പൃഥ്വി പിന്മാറിയത്.
കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്ന് ബറോസിന്റെ ചിത്രീകരണം ഈ വര്‍ഷം ഇടയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടി വന്നിരുന്നു.
രണ്ടാം ലോക്ഡൗണിന് മുന്‍പാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ വീണ്ടും ലോക്ക്ഡൗണ്‍ വന്നു.
ഇതോടെ ചിത്രീകരണം നിര്‍ത്തിവെച്ചു. അതിനുശേഷം ക്രിസ്മസ് കഴിഞ്ഞ് ഡിസംബര്‍ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്.
ബറോസില്‍ ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളില്‍ പലതും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിയുടെ രൂപം മാറിയതും മറ്റുമാണ് കാരണം.
നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്നു.
വിദേശിയായ ഷെയ്ല മാക് കഫ്രി എന്ന പെണ്‍കുട്ടിയെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഷൂട്ടിങ് പുനരാരംഭിക്കുമ്പോള്‍ ഷെയ്ല ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.
സിനിമയുടെ കാസ്റ്റിങ് കോള്‍ നടക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു ഷെയ്ല മാക് കഫ്രി. എന്നാല്‍ ഷൂട്ടിങ് വൈകിയതോടെ കുട്ടിയുടെ രൂപം മാറിയത് പ്രശ്നമായി.
മുംബൈ സ്വദേശിയായ മായയാണ് ഷെയ്ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന് ബ്രിട്ടിഷ് പൗരനാണ്.
പ്രതാപ് പോത്തന്, വിദേശ നടി പാസ് വേഗ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്.
വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്.
നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോയുടെ രചനയിലാണ് ബറോസ് വരുന്നത്.
ഛായാഗ്രഹണം സന്തോഷ് ശിവന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ നിര്‍മാണം.