ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിക്കെതിരെ ശക്തമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യ കാര്യങ്ങളിൽ പ്രതിബദ്ധതയില്ലാത്ത കോൺഗ്രസാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്. കോൺഗ്രസ് സ്വാര്ത്ഥതാൽപര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയാണ്. കുറെ കാലങ്ങളായി കോൺഗ്രസ് ഇത് ചെയ്തുകൊണ്ടിരിക്കുകയാണെന്നും നരേന്ദ്രമോദി കുറ്റപ്പെടുത്തി.
രാഷ്ട്രീയവും അധികാരവും ഉപയോഗിച്ച് ജുഡീഷ്യറിയുടെ സമഗ്രത തകർക്കാനുള്ള ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ നൂറുകണക്കിന് അഭിഭാഷകരും ചില ബാർ അസോസിയേഷനുകളും ചീഫ് ജസ്റ്റിസ് ഡി .വൈ. ചന്ദ്രചൂഡിന് കത്തയച്ചിരുന്നു. പിന്നാലെയാണ് മോദിയുടെ പ്രതികരണം.
ബാർ കൗൺസിൽ ചെയർമാൻ മനൻ കുമാർ മിശ്ര, ഹരീഷ് സാൽവെ തുടങ്ങി അറുന്നൂറോളം അഭിഭാഷകരാണ് കത്തയച്ചത്. രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം ജുഡീഷ്യറിയെ തകർക്കുന്നുവെന്നും അടിയന്തിര നടപടിയെടുക്കണമെന്നും കത്തിൽ പറയുന്നു. എന്നാൽ അഭിഭാഷകർ കത്തയച്ചത് കോൺഗ്രസിന്റെ ഭീഷണി മൂലമാണെന്നാണ് പ്രധാനമന്ത്രിയുടെ വാദം.