ബിജോ മാത്യു
ഇന്ദിരാഗാന്ധി, എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്റാൾ, ഡോ. മൻമോഹൻ സിംഗ് എന്നിവരാണു ലോക്സഭയിലേക്കു ജയിക്കാതെ പ്രധാനമന്ത്രിയായത്. ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണശേഷം 1966 ജനുവരിയിൽ പ്രധാനമന്ത്രിയാകുന്പോൾ ഇന്ദിരാഗാന്ധി രാജ്യസഭാംഗമായിരുന്നു. ജവഹർലാൽ നെഹ്റു അന്തരിച്ച 1964ൽ ആയിരുന്നു ഇന്ദിരാഗാന്ധി രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. 1967ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽനിന്ന് ഇന്ദിര ലോക്സഭാംഗമായി. 1971ലും ഇന്ദിര വിജയം ആവർത്തിച്ചു. 1977ൽ ജനതാ പാർട്ടിയിലെ രാജ്നാരായണനോട് തോറ്റു.
1996ൽ കോണ്ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയാകുന്പോൾ എച്ച്.ഡി. ദേവഗൗഡ കർണാടക മുഖ്യമന്ത്രിയായിരുന്നു. പിന്നീട് ഇദ്ദേഹം രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ ആദ്യമായി ലോക്സഭാംഗമായ ദേവഗൗഡ പിന്നീട് അഞ്ചു തവണ ലോക്സഭയിലെത്തി. പ്രധാനമന്ത്രിപദം ഒഴിഞ്ഞശേഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ ചരിത്രവും ദേവ ഗൗഡയ്ക്കുണ്ട്.
ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായി 1997ൽ ചുമതലയേൽക്കുന്പോൾ ഇന്ദർകുമാർ ഗുജ്റാൾ രാജ്യസഭാംഗമായിരുന്നു. 1992ൽ ലാലു പ്രസാദ് യാദവിന്റെ കടാക്ഷത്തിലാണു ഗുജ്റാൾ രാജ്യസഭയിലെത്തിയത്. പ്രധാനമന്ത്രിയാകുന്നതിനു മുന്പും ശേഷവും ഗുജ്റാൾ ലോക്സഭയിലേക്കു തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. 1989ലും 1998ലും ജലന്ധറിൽനിന്നായിരുന്നു വിജയം. ഇന്ദിരാഗാന്ധിക്കൊപ്പം 1964ൽ ഗുജ്റാൾ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായപ്പോൾ ആസാമിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. 1991ൽ ആസാമിൽനിന്നു രാജ്യസഭാംഗമായ മൻമോഹൻ തുടർച്ചയായി അഞ്ചു തവണ രാജ്യസഭാംഗമായി. ഇപ്പോഴത്തെ കാലാവധി ജൂണിൽ അവസാനിക്കും. ലോക്സഭാംഗമായിട്ടില്ലാത്ത ഏക പ്രധാനമന്ത്രിയാണു മൻമോഹൻ സിംഗ്. 1999ൽ സൗത്ത് ഡൽഹി മണ്ഡലത്തിൽനിന്ന് ഇദ്ദേഹം ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും ബിജെപിയിലെ വി.കെ. മൽഹോത്രയോട് 29999 വോട്ടിനു തോറ്റു.
അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന 1998-2004 കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മൻമോഹൻ സിംഗായിരുന്നു. 28 വർഷം രാജ്യസഭാംഗമായ മൻമോഹൻ സിംഗ് നജ്മ ഹെപ്തുള്ള, രാം ജെത് മലാനി എന്നിവർക്കുശേഷം രാജ്യസഭയിൽ ഏറ്റവും അധികം കാലം അംഗമായ ആളാണ്.
1991ൽ പ്രധാനമന്ത്രിപദത്തിലെത്തുന്പോൾ പി.വി. നരസിംഹ റാവു രാജ്യസഭയിലോ ലോക്സഭയിലോ അംഗമായിരുന്നില്ല. പിന്നീട് നന്ദ്യാൽ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാണു നരസിംഹറാവു ലോക്സഭയിലെത്തുന്നത്. 5,80,297 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിനായിരുന്നു ബിജെപിയിലെ ബംഗാരു ലക്ഷ്മണെ റാവു തോൽപ്പിച്ചത്.