ദിസ്പുര്‍: മണിപ്പുര്‍ സംഘര്‍ഷം പരിഹരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സമയോചിത ഇടപെടല്‍ നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണ സംവിധാനങ്ങളിൽ ക കൃത്യമായ നിലയില്‍ വിഷയത്തില്‍ ഇടപെട്ടു. സംസ്ഥാനത്തിന്റെ സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പാര്‍ലമെന്റില്‍ ഇക്കാര്യം താന്‍ പ്രസ്താവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം മൂര്‍ച്ഛിച്ച സമയത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരില്‍ തങ്ങി. സംഘര്‍ഷം പരിഹക്കുന്നതിനായി വിവിധ കക്ഷികളുമായി 15-ലധികം യോഗങ്ങള്‍ നടത്തി. ദുരിതാശ്വാസ, പുനരധിവാസ നടപടികള്‍ പുരോഗമിക്കുകയാണ്. സാമ്പത്തിക പാക്കേജും പരിഹാര നടപടികളില്‍ ഉള്‍പ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി.
മാറിമാറി വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളോട് ചിറ്റമ്മ നയം സ്വീകരിച്ചു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വടക്കുകിഴക്ക് വളരെ അകലെയായിരുന്നു. അതിനാല്‍ വികസനത്തിനായി പ്രവര്‍ത്തിച്ചില്ല.
എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി മാറ്റണമെന്നത് തന്റെ ഉറച്ച തീരുമാനമായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, പ്രദേശത്തെ കിഴക്കില്‍ നിന്നുള്ള ഭാരതത്തിന്റെ കവാടമാക്കി മാറ്റി.
താന്‍ ഈ സംസ്ഥാനങ്ങള്‍ ഏകദേശം 70 തവണ സന്ദര്‍ശിച്ചിട്ടുണ്ട്. തനിക്ക് മുമ്പുള്ള എല്ലാ പ്രധാനമന്ത്രിമാരും നടത്തിയ മൊത്തം സന്ദര്‍ശനങ്ങളെക്കാള്‍ കൂടുതലാണിത്. 2015 മുതല്‍, കേന്ദ്രമന്ത്രിമാര്‍ 680ല്‍ അധികം തവണ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു.
ബോഗിബീല്‍ പാലം, ഭൂപന്‍ ഹസാരിക സേതു തുടങ്ങിയ സുപ്രധാന കണക്റ്റിവിറ്റി പ്രോജക്ടുകള്‍ തങ്ങള്‍ നിറവേറ്റി. 13,000 അടി ഉയരത്തില്‍ നിര്‍മിച്ച സെല ടണല്‍ ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കന്‍ യുവശക്തിയിലും അവരുടെ കഴിവിലും ഊര്‍ജത്തിലും തനിക്ക് വിശ്വാസമുണ്ട്. വിദ്യാഭ്യാസം, കായികം, സംരംഭകത്വം തുടങ്ങി നിരവധി മേഖലകളില്‍ അവര്‍ക്കായി വാതിലുകള്‍ തുറന്നിട്ടുണ്ട്.
2014 മുതല്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി 14,000 കോടിയിലധികം രൂപ ചെലവഴിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.