തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. ഈ മാസം 15ന് തൃശ്ശൂർ കുന്നംകുളത്താണ് പ്രധാനമന്ത്രി എത്തുക. കുന്നംകുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ മോദി പങ്കെടുക്കും. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിപ്പ് നൽകിയതായാണ് വിവരം.
ആലത്തൂര്‍ മണ്ഡലത്തിന്റെ ഭാഗമായ കുന്നംകുളത്ത് 15 ന് രാവിലെ 11 ന് നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരിക്കും നരേന്ദ്ര മോദി പങ്കെടുക്കുക. നേരത്തെ കരുവന്നൂർ തട്ടിപ്പ് മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയർത്തിക്കാട്ടാനും പ്രധാനമന്ത്രിയെ ഇരിങ്ങാലക്കുടയിലെത്തിക്കാനും സംസ്ഥാന ബിജെപി ശ്രംമ നടത്തിയിരുന്നു.
എന്നാൽ കരുവന്നൂര്‍ ആവശ്യത്തില്‍ പിഎംഒ മറുപടി നല്‍കിയില്ല. ഇരിങ്ങാലക്കുടയ്ക്ക് പകരം കുന്നംകുളത്തെ യോഗത്തിന് അനുമതി നല്‍കിയതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.
കരുവന്നൂര്‍ തട്ടിപ്പ് കേസ് കേരളത്തില്‍ സിപിഎമ്മിനെതിരെ ആയുധമാക്കാനാണ് ബിജെപി നീക്കം. തട്ടിപ്പിനെതിരെ പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന തരത്തില്‍ കോൺഗ്രസിനെതിരെയും ബിജെപി വിഷയം ഉപയോഗിക്കും.