ന്യൂഡൽഹി: രാജ്യത്ത് ഏഴുഘട്ടമായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിംഗ് തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തിലെ 25 സീറ്റിൽ ഉൾപ്പെടെ 93 മണ്ഡലങ്ങളാലാണ് ഇന്നു വിധിയെഴുത്ത്. പ്രധാനമന്ത്രി അഹമ്മദാബാദിലെ നിഷാൻ ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തണമെന്നു നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഉത്തർപ്രദേശിലെ വരാണസിയിലാണു നരേന്ദ്രമോദി മത്സരിക്കുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂൺ ഒന്നിനാണു വരാണസിയിലെ വോട്ടെടുപ്പ്.
ആഭ്യന്തരമന്ത്രി അമിത് ഷാ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, എൻസിപി (ശരദ്ചന്ദ്ര പവാർ) നേതാവ് സുപ്രിയ സുലെ, സമാജ്വാദി പാർട്ടി നേതാവ് ഡിംപിൾ യാദവ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്തുണ്ട്. 93 മണ്ഡലങ്ങളിലായി 17 കോടിയിലധികം വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും.
മൂന്നാം ഘട്ടത്തിൽ 94 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചതിനെത്തുടർന്നു ഗുജറാത്തിലെ സൂറത്ത് ലോക്സഭാ സീറ്റിൽ വോട്ടെടുപ്പില്ല. ജമ്മു കാഷ്മീരിലെ അനന്ത്നാഗ്-രജൗരി സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മേയ് 25 ലേക്ക് മാറ്റിവച്ചു. ലോജിസ്റ്റിക്, കമ്യൂണിക്കേഷൻ, കണക്റ്റിവിറ്റിയുടെ സ്വാഭാവിക തടസം എന്നിവ പ്രചാരണത്തിന് തടസമായി മാറുന്നുവെന്ന വാദം കണക്കിലെടുത്താണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിയത്.
ഏപ്രിൽ 26ന് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബെതുൽ ലോക്സഭാ മണ്ഡലത്തിലും ഇന്നു വോട്ടെടുപ്പ് നടക്കും. ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥി അശോക് ഭലവിയുടെ മരണത്തെത്തെടർന്നാണ് അവിടെ വോട്ടെടുപ്പ് മാറ്റിവച്ചത്. തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം മേയ് 13ന് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിനാണ്.