ബിജോ മാത്യു
പ്രധാനമന്ത്രിമാരെ വിജയിപ്പിച്ച് വിഐപിപദവി നേടിയത് 12 മണ്ഡലങ്ങളാണ്. ഇതിൽ ഒന്‍പതും യുപിയിലാണ്.
ഇതിൽത്തന്നെ ആറെണ്ണം കിഴക്കൻ യുപിയിലാണ്(പൂർവാഞ്ചൽ). എന്നിട്ടും ഇന്ത്യയിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിലൊന്നായി കിഴക്കൻ യുപി തുടരുന്നു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ലാൽബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചരൺസിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, എ.ബി. വാജ്പേയി എന്നിവർ മുതൽ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഉത്തർപ്രദേശിലെ മണ്ഡലങ്ങളിൽനിന്നു വിജയിച്ചിട്ടുണ്ട്.
ഫൂൽപുർ
ജവഹർലാൽ നെഹ്റു (1952, 1957, 1962)
പ്രധാനമന്ത്രിയായിരുന്ന കാലത്തെ (1952 – 1964) മൂന്നു തെരഞ്ഞെടുപ്പുകളിലും ജവഹർലാൽ നെഹ്റു വിജയിച്ചത് കിഴക്കൻ യുപിയിലെ ഫൂൽപുരിൽനിന്നായിരുന്നു. അലഹാബാദിനു സമീപമാണു ഫൂൽപുർ. 1962ൽ പ്രമുഖ സോഷ്യലിസ്റ്റ് റാം മനോഹർ ലോഹ്യയെ ആണ് നെഹ്റു പരാജയപ്പെടുത്തിയത്. 64,571 വോട്ടായിരുന്നു ഭൂരിപക്ഷം. നെഹ്റുവിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് ഫൂൽപുരിൽ വിജയിച്ചു.
അലാഹാബാദ്
ലാൽ ബഹാദൂർ ശാസ്ത്രി (1962)
നെഹ്റുവിനുശേഷം പ്രധാനമന്ത്രിയായ ലാൽ ബഹാദൂർ ശാസ്ത്രി യുപിയിലെ അലാഹാബാദിനെ(ഇപ്പോൾ പ്രയാഗ് രാജ്)യാണു പ്രതിനിധീകരിച്ചിരുന്നത്. 68,533 വോട്ടായിരുന്നു ഭൂരിപക്ഷം. 1957ലും ശാസ്ത്രി ഇവിടെനിന്നു വിജയിച്ചിരുന്നു. ശാസ്ത്രിയുടെ മരണശേഷം മകൻ ഹരികൃഷ്ണ ശാസ്ത്രി അലാഹാബാദിനെ പ്രതിനിധീകരിച്ചു. പ്രധാനമന്ത്രിയായിരുന്ന വി.പി. സിംഗ്, ബോളിവുഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ, മുതിർന്ന ബിജെപി നേതാവ് മുരളിമനോഹർ ജോഷി എന്നിവരും പിന്നീട് അലഹാബാദിൽനിന്നു വിജയിച്ചിട്ടുണ്ട്.
റായ്ബറേലി
ഇന്ദിരാഗാന്ധി (1967, 1971)
1952, 1957 തെരഞ്ഞെടുപ്പുകളിൽ ഫിറോസ് ഗാന്ധി റായ്ബറേലിയിൽനിന്നു വിജയിച്ചിരുന്നു. എന്നാൽ, 1967ൽ ഇന്ദിരാഗാന്ധി മത്സരിക്കാനെത്തിയതോടെയാണു റായ്ബറേലി ലോകശ്രദ്ധയാകർഷിച്ചത്. 1967ൽ 91,713 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഇന്ദിരാഗാന്ധി 1971ൽ ഭൂരിപക്ഷം 1,11,810 ആക്കി ഉയർത്തി. രാജ് നാരായണനെയായിരുന്നു തോൽപ്പിച്ചത്. ആ തെരഞ്ഞെടുപ്പ് രാജ്നാരായണൻ കൊടുത്ത കേസിനെത്തുടർന്ന് അസാധുവാക്കി.
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്കു നയിച്ചതാണ് ഈ തെരഞ്ഞെടുപ്പു കേസ്. അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ ഇന്ദിരാഗാന്ധി 55,202 വോട്ടിനു രാജ് നാരായണനോടു തോറ്റു. ഇന്ത്യയുടെ തെരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയായിരുന്നു അത്.
മേഡക്
ഇന്ദിരാഗാന്ധി (1980)
അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാഗാന്ധി റായ്ബറേലിയിൽനിന്നും ആന്ധ്രപ്രദേശിലെ(ഇപ്പോൾ തെലുങ്കാന) മേഡക്കിൽനിന്നും വിജയിച്ചു. 1977ൽ തന്നെ കൈവിട്ട റായ്ബറേലി ഇന്ദിര ഒഴിഞ്ഞു. മേഡക് നിലനിർത്തി. എസ്. ജയ്പാൽ റെഡ്ഡിയെയാണ് ഇന്ദിരാഗാന്ധി മേഡക്കിൽ തോൽപ്പിച്ചത്. 2,19,124 വോട്ടായിരുന്നു ഭൂരിപക്ഷം.
സൂറത്ത്
മൊറാർജി ദേശായി (1977)
ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി പ്രതിനിധീകരിച്ചത് തെക്കൻ ഗുജറാത്തിലെ സൂറത്തിനെയായിരുന്നു. 1957 മുതൽ അഞ്ചു തവണ സൂറത്തിൽ വിജയിച്ച ദേശായിക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 1977ലായിരുന്നു എന്നതാണു ശ്രദ്ധേയം. കോണ്‍ഗ്രസിലെ ജസ്വന്ത്സിംഗ് ചൗഹാനെ 21,460 വോട്ടിനാണു ദേശായി പരാജയപ്പെടുത്തിയത്.
ബാഗ്പത്
ചരണ്‍ സിംഗ് (1977)
മൊറാർജിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് പിന്തുണയോടെ പ്രധാനമന്ത്രിയായ ചരണ്‍ സിംഗ് ബാഗ്പതിൽനിന്നുള്ള എംപിയായിരുന്നു. 1,21,538 വോട്ടിനായിരുന്നു ബാഗ്പതിലെ കന്നിയങ്കത്തിൽ ചരണ്‍ സിംഗ് വിജയിച്ചത്. 1980ലും 1984ലും ചരണ്‍ സിംഗ് വിജയമാവർത്തിച്ചു. ഇദ്ദേഹത്തിന്റെ മകൻ അജിത് സിംഗ് ആറു തവണ ബാഗ്പതിനെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി.
അമേത്തി
രാജീവ്ഗാന്ധി (1984)
ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തെരഞ്ഞെടുപ്പിൽ അമേത്തി മണ്ഡലത്തിൽ വിജയിച്ചാണു രാജീവ്ഗാന്ധി പ്രധാനമന്ത്രിയായത്. സഹോദരൻ സഞ്ജയ് ഗാന്ധിയുടെ മരണത്തെത്തുടർന്ന് അമേത്തിയിൽ 1981ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രാജീവ്ഗാന്ധി വിജയിച്ചിരുന്നു.
1984ൽ സഞ്ജയിന്റെ വിധവ മേനകഗാന്ധിയെ 3,14,878 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു രാജീവ്ഗാന്ധി പരാജയപ്പെടുത്തിയത്. പോൾ ചെയ്ത വോട്ടിൽ 83.67 ശതമാനം രാജീവ്ഗാന്ധി നേടി. സോണിയാഗാന്ധിയും (1999) രാഹുൽഗാന്ധിയും(2004, 2009, 2014) അമേത്തിയുടെ പ്രതിനിധികളായി ലോക്സഭയിലെത്തി.
ഫത്തേപ്പുർ
വി.പി. സിംഗ് (1989)
രാജീവ്ഗാന്ധിയെ അധികാരത്തിൽനിന്നു പുറത്താക്കി പ്രധാനമന്ത്രിയായ വിശ്വനാഥ് പ്രതാപ് സിംഗിന്റെ മണ്ഡലം യുപിയിലെ ഫത്തേപ്പുർ ആയിരുന്നു. സിറ്റിംഗ് എംപിയും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ മകനുമായ ഹരികൃഷ്ണ ശാസ്ത്രിയെ ആയിരുന്നു വി.പി. സിംഗ് തോൽപ്പിച്ചത്. 1,21,556 ആയിരുന്നു ഭൂരിപക്ഷം.
ബല്ലിയ
ചന്ദ്രശേഖർ (1989)
യുപിയിലെ ഏറ്റവും കിഴക്കേയറ്റത്തെ മണ്ഡലമായ ബല്ലിയയിൽനിന്നായിരുന്നു ചന്ദ്രശേഖർ വിജയിച്ചത്. എട്ടു തവണയാണു ചന്ദ്രശേഖർ ബല്ലിയയിൽനിന്നു വിജയിച്ചത്. ഇദ്ദേഹത്തിന്റെ മരണശേഷം മകൻ നീരജ് ശേഖർ രണ്ടു തവണ ബല്ലിയയുടെ പ്രതിനിധിയായി.
നന്ദ്യാൽ
പി.വി. നരസിംഹ റാവു (1991)
രാജീവ്ഗാന്ധിയുടെ മരണശേഷം അപ്രതീക്ഷിതമായി പ്രധാനമന്ത്രിയായ നരസിംഹ റാവു ആന്ധ്രയിലെ നന്ദ്യാലിൽനിന്ന് ഉപതെരഞ്ഞെടുപ്പിലാണു വിജയിച്ചത്. 5,80,297 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു റാവു നേടിയത്. ആന്ധ്രക്കാരനായ പ്രധാനമന്ത്രിക്കെതിരേ ടിഡിപി മത്സരിച്ചില്ല. ബിജെപിയിലെ ബംഗാരു ലക്ഷ്മണ് ആയിരുന്നു റാവുവിന്റെ പ്രധാന എതിരാളി. റാവു 6,26,241 (89.48 ശതമാനം) വോട്ട് നേടിയപ്പോൾ ലക്ഷ്മണിനു കിട്ടിയത് വെറും 45,944 വോട്ട് മാത്രം.
ലക്നോ
എ.ബി. വാജ്പേയി (1996, 1998, 1999)
ആറു വ്യത്യസ്ത മണ്ഡലങ്ങളിൽനിന്നു ലോക്സഭയിലെത്തി റിക്കാർഡിട്ട വാജ്പേയി പ്രധാനമന്ത്രിയായ മൂന്നു തവണയും പ്രതിനിധീകരിച്ചത് ലക്നോ മണ്ഡലത്തെയായിരുന്നു. തുടർച്ചയായി അഞ്ചു തവണയാണു വാജ്പേയി യുപിയുടെ തലസ്ഥാനനഗരത്തിന്റെ പ്രതിനിധിയായത്. 1996ൽ ഗുജറാത്തിലെ ഗാന്ധിനഗറിൽനിന്നു കൂടി വിജയിച്ച വാജ്പേയി ലക്നോ നിലനിർത്തി.
വാരാണസി
നരേന്ദ്ര മോദി (2014)
ഉത്തർപ്രദേശിലെ ക്ഷേത്രനഗരമായ വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലുമായിരുന്നു നരേന്ദ്ര മോദി മത്സരിച്ചത്. മോദിപ്രഭാവത്തിലായിരുന്നു യുപിയിലെ 73 സീറ്റുകൾ ബിജെപി കൈയടക്കിയത്. 3,71,784 ആയിരുന്നു വാരാണസി മോദിക്കു നല്കിയ ഭൂരിപക്ഷം. എഎപിയിലെ അരവിന്ദ് കേജരിവാൾ ആയിരുന്നു രണ്ടാമതെത്തിയത്. 5,81,022 വോട്ടായിരുന്നു(56.37 ശതമാനം) മോദിയുടെ പേരിൽ കുറിക്കപ്പെട്ടത്.
വഡോദരയിൽ 5,70,128 വോട്ടായിരുന്നു മോദിയുടെ ഭൂരിപക്ഷം. 8,45,464 വോട്ടും(72.74 ശതമാനം) മോദി നേടി. കോണ്‍ഗ്രസിലെ മധുസൂദൻ മിസ്ത്രിയായിരുന്നു പ്രധാന എതിരാളി. വന്പൻ ഭൂരിപക്ഷം നേടിയിട്ടും സ്വന്തം സംസ്ഥാനത്തെ വഡോദര ഉപേക്ഷിച്ച് മോദി വാരാണസി നിലനിർത്തി.