ഗോസിപ്പെന്ന് പറഞ്ഞ് ആദ്യമൊക്കെ നിഷേധിച്ചിരുന്നെങ്കിലും ബ്രിട്ടീഷ് രാജകൊട്ടാരം ഒടുവില്‍ അക്കാര്യം സമ്മതിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഇളംതലമുറക്കാര്‍ വേര്‍പിരിഞ്ഞു. കൊട്ടാരത്തില്‍ നവദമ്പതികള്‍ എത്തിയത് മുതലാണ് കിംവദന്തികള്‍ തുടങ്ങിയത്.
രാജകുടുംബത്തിലെ പുതിയ തലമുറക്കാരായ ഹാരി-മേഗന്‍ ദമ്പതികളും വില്യം -കേറ്റ് ദമ്പതികളുമാണ് കൊട്ടാരത്തിലെ ഒരുമിച്ചുള്ള താമസവും ഓഫിസ് പ്രവര്‍ത്തനവും അവസാനിപ്പിച്ച് സ്വതന്ത്ര വീടുകളുടെ ചുമതല ഏറ്റെടുക്കുന്നത്.
ഇങ്ങനെയൊരു വേര്‍പിരിയല്‍ വാര്‍ത്ത ഒരുവര്‍ഷമായി മാധ്യമങ്ങള്‍ പ്രവചിക്കുകയായിരുന്നെങ്കിലും ഇന്നലെയാണ് ബക്കിങ്ഹാം കൊട്ടാരം വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഔദ്യോഗികമായി സസ്സക്‌സിലെ ഡ്യൂക്കും ഡച്ചസുമായ ഹാരിയും മേഗനും വിവാഹത്തിനുശേഷം വില്യം-കേറ്റ് ദമ്പതികള്‍ക്കൊപ്പം ഒരുമിച്ചായിരുന്നു താമസവും പ്രവര്‍ത്തനവും.
പക്ഷേ ഇരുകൂട്ടര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസമാണ് എലിസബത്ത് രാജ്ഞി ഇരുദമ്പതികള്‍ക്കും വെവ്വേറെ താമസിക്കാന്‍ അനുമതി കൊടുത്തത്. രാജകൊട്ടാരത്തില്‍ വധുക്കളായി എത്തിയ യുവതികളാണ് അഭിപ്രായവ്യത്യാസത്തിനു പിന്നിലെന്നാണ് സംസാരം.
2017 ല്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ഹാരിക്കും മേഗനും സ്വതന്ത്രമായ ഓഫിസുകള്‍ ഉണ്ടായിരുന്നെങ്കിലും രാജകൊട്ടാരത്തോടു ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇനി അവര്‍ ഫ്രോഗ്മോര്‍ കോട്ടേജിലേക്കു മാറുകയാണ്.
അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നു പറയപ്പെട്ടിരുന്നെങ്കിലും ഇതുവരെയും പരസ്യമായ ഒരു സൂചനയും രാജകൊട്ടാരത്തില്‍നിന്നു പുറത്തുവന്നിട്ടില്ല. മേഗന്‍ അമ്മയാവാനുള്ള തയാറെടുപ്പിലുമാണ്.