പ്രണയ സാക്ഷാത്കാരത്തിനായി ഏതുവിധത്തിലുള്ള സാഹസത്തിനും മുതിരുന്ന നിരവധി ആളുകള്‍ ഈ ലോകത്തുണ്ട്.
തന്റെ കാമുകനെ സ്വന്തമാക്കാന്‍ രാജകുമാരിയെന്ന പദവിയും രാജകൊട്ടാരവും ഉപേക്ഷിച്ച നോര്‍വീജിയന്‍ രാജകുമാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.
മന്ത്രവാദിയും സ്വയം പ്രഖ്യാപിത വൈദ്യനുമായ അമേരിക്കന്‍ സ്വദേശി ഡ്യൂറെക് വെററ്റുമായുള്ള പ്രണയത്തെത്തുടര്‍ന്നാണ് നോര്‍വീജിയന്‍ രാജകുമാരിയായിരുന്ന മാര്‍ത്ത ലൂയിസ് കൊട്ടാരം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായത്.
കഴിഞ്ഞ ജൂണില്‍ മാര്‍ത്തയുടെയും ഡ്യൂറക്കിന്റെയും വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ കൊട്ടാരത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു.
ഇരുവര്‍ക്കും കൊട്ടാരത്തില്‍ എന്തുപദവി നല്‍കുമെന്ന ചോദ്യങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെ ചൊവ്വാഴ്ച താന്‍ രാജകുമാരി പദവി ഉപേക്ഷിക്കുകയാണെന്ന് മാര്‍ത്ത അറിയിക്കുകയായിരുന്നു.
മാര്‍ത്ത ഔദ്യോഗിക പദവികള്‍ ഉപേക്ഷിച്ച വിവരം കൊട്ടാരവും ശരിവച്ചു. രാജകുമാരി ഇനിമുതല്‍ കൊട്ടാരത്തിലെ പ്രതിനിധിയായിരിക്കില്ലെന്ന് മാര്‍ത്തയുടെ പിതാവ് ഹെറാള്‍ഡ് രാജാവും വ്യക്തമാക്കി. തീരുമാനം ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് രാജ്ഞിയും സ്ഥിരീകരിച്ചു.
താന്‍ ഇനിമുതല്‍ നോര്‍വേയിലെ കൊട്ടാരത്തിലെ പ്രതിനിധിയല്ലെന്നാണ് മാര്‍ത്ത പ്രഖ്യാപിച്ചത്. ഇനിമുതല്‍ കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കില്ല.
രാജകുടുംബത്തിന്റെ സമാധാനം മുന്നില്‍ക്കണ്ടാണ് തീരുമാനം. പരസ്യങ്ങള്‍ക്കും മറ്റുമായും സമൂഹമാദ്ധ്യമങ്ങളിലും രാജപദവി പരാമര്‍ശിക്കില്ലെന്നും മാര്‍ത്ത വ്യക്തമാക്കി.
രാജകുമാരിയും പ്രതിശ്രുതവരനും രാജകീയ പദവി വാണിജ്യ നേട്ടത്തിനായും വ്യത്യസ്ത ചികിത്സാ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായും ഉപയോഗിച്ചതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
നോര്‍വേയിലെ സിംഹാസനത്തിലെത്താന്‍ നാലാം സ്ഥാനത്തായിരുന്നു മാര്‍ത്ത. മുന്‍ വിവാഹത്തില്‍ മൂന്ന് മക്കളുള്ള മാര്‍ത്ത കാലിഫോര്‍ണിയയിലേയ്ക്ക് താമസം മാറുന്നുവെന്നാണ് വിവരം. എന്തായാലും മാര്‍ത്തയുടെ പ്രണയം ആഘോഷിക്കുകയാണ് ലോകമാധ്യമങ്ങള്‍.