ലണ്ടൻ: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യമാരിലൊരാളായ ഹയ ബിൻത് അൽ ഹുസൈൻ ബ്രിട്ടനിൽ അഭയം തേടി. ബ്രിട്ടീഷ് രാജകുടുംബവുമായി വളരേ അടുപ്പമുള്ള ഹയയ്ക്ക് കെൻസിംഗ്ടണ്‍ കൊട്ടാരത്തിന് സമീപം 85 മില്യണ്‍ ഡോളർ വിലവരുന്ന കൊട്ടാരമുണ്ട്.
ഇപ്പോൾ ഇവിടെയാണ് ഹയ. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നു വിവാഹമോചനം തേടിയുള്ള നീക്കം ഹയാ ആരംഭിച്ചു.
2004ലാണ് ദുബായ് ഭരണാധികാരിയുടെ ആറാം ഭാര്യയായി ഹായ രാജകുമാരി വരുന്നത്. തന്നെപ്പിരിഞ്ഞ് വൻതുകയും മക്കളുമായും രാജ്യംവിട്ട ഭാര്യയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. അവർ ജീവിച്ചാലോ മരിച്ചാലോ തനിക്കൊന്നുമില്ലെന്നും ആരോടൊപ്പമാണോ അവിടെത്തന്നെ തുടർന്നോളാനും അദ്ദേഹം പ്രതികരിച്ചു.
31 മില്യണ്‍ പൗണ്ടുമായാണ് ഹയ നാടുവിട്ടതെന്നാണ് റിപ്പോർട്ട്. മാസങ്ങൾക്കു മുന്‍പ് ഇവർ യുഎഇയിൽ നിന്ന് കടന്നെന്നാണ് റിപ്പോർട്ട്. 11-കാരിയായ മകൾ ജലീല, ഏഴുവയസ്സുകാരനായ മകൻ സയിദ് എന്നിവരാണ് ഹയയ്ക്കൊപ്പമുള്ളത്. മേയ് 20 മുതൽ സാമൂഹ്യമാധ്യമങ്ങളിൽ നിന്നുവരെ ഹയയെ കാണാനില്ലായിരുന്നു. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന സാമൂഹ്യമാധ്യമങ്ങളിൽ നിരന്തരം അത്തരം പ്രവർത്തനങ്ങളുടെ ഫോട്ടോകൾ ഇട്ടിരുന്നു.
യുകെയിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അവർ ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നും തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാന്പത്തികശാസ്ത്രം എന്നിവയും പഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ച അവർ ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഗുഡ് വിൽ അംബാസഡറായിരുന്നു.
ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയം വിഷയത്തെ കേവലം സ്വകാര്യ പ്രശ്നമായി മാത്രം കാണുന്നുവെന്നാണ് ലഭിക്കുന്ന വിവരം. യുകെയിലെ ഹയയുടെ സാന്നിദ്ധ്യത്തെകുറിച്ച് യാതൊരു നയതന്ത്ര ചർച്ചകളും നടത്തിയിട്ടില്ലെന്ന് അവിടത്തെ യുഎഇ എംബസി പറയുന്നു. യുഎഇ വിട്ട ഹയ, ആദ്യം ജർമ്മനിയിലേക്കാണ് പോയതെന്ന വാർത്തകൾ ഉണ്ടായിരുന്നു.