കോഴിക്കോട്: മക്കള്‍ തന്റേതല്ലെന്ന് വാദിച്ച പ്രിന്‍സിപ്പലിനെതിരേ വനിതാകമ്മീഷന്. നിയമപരമായി വിവാഹം ചെയ്ത സ്ത്രീയെ ഉപേക്ഷിച്ച് മക്കളെ പോലും അംഗീകരിക്കാതെ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്ന പ്രിന്‍സിപ്പലിന് ഒരിക്കലും വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാനാവില്ലെന്നും ഇദ്ദേഹം വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ യോഗ്യനല്ലെന്നും വനിതാകമ്മീഷന് വ്യക്തമാക്കി .
വനിതാ കമ്മീഷന് ഇന്നലെ കോഴിക്കോട്ട് നടത്തിയ അദാലത്തിലാണ് 18 വര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന പ്രിന്‍സിപ്പലിനെക്കുറിച്ച് ഭാര്യ പരാതിയുമായെത്തിയത്.
23 ഉം 19 ഉം വയസുള്ള രണ്ടു മക്കളുടെ സംരക്ഷണം ആവശ്യപ്പെട്ടാണ് പ്രിന്‍സിപ്പലിന്റെ ഭാര്യ എത്തിയത്. ഭര്‍ത്താവുമായി നിയമാനുസൃതം വിവാഹബന്ധം വേര്‍പിരിഞ്ഞില്ലെങ്കിലും 18 വര്‍ഷമായി യാതൊരു ബന്ധവുമില്ലെന്ന് അവര്‍ കമ്മീഷനംഗങ്ങളോട് വ്യക്തമാക്കി. പെണ്‍കുട്ടിയും ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെ ചെലവും ഇദ്ദേഹം നല്‍കാറില്ല.
പിജി വിദ്യാര്‍ഥിയായ മകള്‍ക്ക് മാസം 5000 രൂപമാത്രമാണ് പ്രിന്‍സിപ്പൽ നല്‍കുന്നത്. അതേസമയം മക്കള്‍ തന്റേതല്ലെന്ന വാദമാണ് പ്രിന്‍സിപ്പൽ ഉന്നയിച്ചത്. ഒടുവില്‍ മക്കളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനു ശേഷമാണ് പ്രിന്‍സിപ്പൽ രണ്ടുപേരും തന്റെ മക്കളാണെന്ന് സമ്മതിച്ചതെന്നും വനിതാകമ്മീഷന് അംഗം എം.എസ്. താര പറഞ്ഞു.
വിവാഹ ബന്ധം വേര്‍പെടുത്തണമെന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചിരുന്നില്ല. ഇപ്പോള്‍ മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകനെ വച്ച് കേസ് സുപ്രീംകോടതിയിൽ എത്തിച്ചിരിക്കുകയാണെന്നും കമ്മീഷന് അംഗങ്ങള്‍ പറഞ്ഞു.
രണ്ടുമക്കളെയും കാണണമെന്ന് പ്രിന്‍സിപ്പൽ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വനിതാകമ്മീഷന് ആസ്ഥാനത്ത് മക്കളുമായെത്താന് ഭാര്യയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് എം.എസ്. താര പറഞ്ഞു.
ഭര്തൃപീഢനവും ഭര്‍തൃവീട്ടുകാരില്‍ നിന്നുള്ള പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വര്‍ധിക്കുന്നതായി എം.എസ്.താര പറഞ്ഞു.
ഇന്നലെ നടന്ന അദാലത്തില്‍ 76 പരാതികളാണ് എത്തിയത്. ഇതില്‍ 13 പരാതികള്‍ പരിഹരിച്ചു. ഏഴു പരാതികളില്‍ പോലീസുള്‍പ്പെടെയുള്ള വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഒരു പരാതി കോടതി മുഖേന പരിഹരിക്കേണ്ടതിനാല്‍ അവിടേക്ക് കൈമാറിയിട്ടുണ്ട്. 25 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. കക്ഷികള്‍ ഹാജരാകാത്തതിനാല്‍ 25 പരാതികളില്‍ പരിഗണിച്ചില്ല.