ലക്നോ: ഉത്തർ പ്രദേശിൽ ലൈംഗികാതിക്രമം നടത്തിയ സ്കൂൾ പ്രിൻസിപ്പലിനെതിരായി ചോര കൊണ്ട് പരാതിയെഴുതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ച് വിദ്യാർഥിനികൾ. ഗാസിയാബാദ് സ്വദേശികളായ 12-15 വയസ് പ്രായക്കാരായ പെൺകുട്ടികളാണ് പ്രിൻസിപ്പലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
സംഭവം വിവാദമായതിന് പിന്നാലെ, അധ്യാപകനായ ഡോ.രാജീവ് പാണ്ഡെ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.വിദ്യാർഥിനികളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പാണ്ഡെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. ഓഫീസിലെത്തുന്ന പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.
പ്രിൻസിപ്പലിനെതിരെ സംസാരിക്കാൻ ഭയന്ന പെൺകുട്ടികൾ, ശല്യം സഹിക്കാനാകാതെ വന്നതോടെ സംഭവം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് കുട്ടികളുടെ കുടുംബാംഗങ്ങൾ സ്കൂളിലെത്തി പ്രിൻസിപ്പലുമായി തർക്കത്തിലേർപ്പെട്ടു.
തുടർന്ന്, വാക്പോരിനിടെ ചിലർ മർദിച്ചെന്നും സ്കൂളിൽ അതിക്രമിച്ച് കയറിയെന്നും ആരോപിച്ച് പ്രിൻസിപ്പൽ വിദ്യാർഥിനികളുടെ കുടുംബാംഗങ്ങൾക്കെതിരെ പോലീസിൽ പരാതിപ്പെട്ടു. ഇതോടെയാണ് കുട്ടികൾ മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.
പോലീസ് തങ്ങളെ അനാവശ്യമായി തടഞ്ഞുവയ്ക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതായി രക്തം കൊണ്ട് എഴുതിയ കത്തിൽ വിദ്യാർഥികൾ ആരോപിച്ചിരുന്നു. ആർഎസ്എസ് പ്രവർത്തകനായതിനാലാണ് അധ്യാപകനെതിരെ പോലീസ് നടപടി സ്വീകരിക്കാൻ മടിക്കുന്നതെന്നും കുട്ടികൾ ആരോപിച്ചിരുന്നു.