തിരുവനന്തപുരം: പ്രിസ്കില്ലാ ഡാനിയേൽ- കസാക്കിസ്ഥാനിൽ ഇന്ത്യക്കു വേണ്ടി സുവർണനേട്ടം സ്വന്തമാക്കിയ ജൂണിയർ മലയാളി പെണ്‍കുട്ടി. 800 മീറ്ററിൽ ഇന്ത്യക്കായി മൈഡൽ നേടിയ പ്രിക്സില്ല ലോക്ക് ഡൗണിലും പരിശീലനത്തിൽ ഒരു കുറവും വരുത്തിയിട്ടില്ല.
തിരുവനന്തപുരം സായിയുടെ താരമായ ഈ കൗമാരക്കാരി പരിശീലകൻ ജോയ് ജോസഫ് ഓണ്‍ലൈനായി നിർദേശിക്കുന്ന ഓരോ പരിശീലന രീതിയും തന്റെ വീടിന്റെ ടെറസിൽവച്ച് ചെയ്തുവരികയാണ്. എല്ലാ ദിവസവും രാവിലെ ആറു മുതൽ ഏഴുമണിവരെയാണ് പരിശീലനം.
സായിയിലെ വിവിധ കോച്ചുമാരുടെ കീഴിലുള്ള താരങ്ങൾക്കും ഇത്തരത്തിൽ വീടുകളിൽത്തന്നെ പരിശീലനം നല്കുന്നു. വീഡിയോ കോണ്‍ഫറൻസുകളിലൂടെ ഓരോ താരങ്ങളുടേയും പരിശീലനം നിരീക്ഷിച്ചശേഷം അവർക്കു വേണ്ട നിർദേശങ്ങൾ നല്‍കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് ചീഫ് കോച്ച് ജോയ് ജോസഫ് ദീപികയോടു പറഞ്ഞു.
വാം അപ്പിനായി 10 മിനിറ്റാണ് ചെലവഴിക്കുന്നത്. തുടർന്ന് സൂര്യനമസ്കാരം, അതിനുശേഷം ജനറൽ സ്ട്രെംഗ്ത് സർക്യൂട്ട് ട്രെയിനിംഗ് മെതേഡ്സ്. 30 മിനിറ്റുവരെയാണ് ഇതിനായി ചെലവഴിക്കുന്നത്. പുഷ്അപ്, സിറ്റ് അപ്, സ്കിപ്പ് റണ്ണിംഗ് തുടങ്ങി ശാരീരിക മികവ് നിലനിർത്തുന്നതിനായുള്ള പരിശീലന മാർഗങ്ങളാണ് വീടിനുള്ളിൽത്തന്നെ നടത്തുന്നത്.
കായിതാരങ്ങൾക്ക് ഓണ്‍ലൈനായി പരിശീലനം നല്‍കുന്നതോടൊപ്പം പരിശീലകർക്ക് ഓണ്‍ ലൈൻ പ്രോഗ്രാമുമായി സ്പോർട്സ് അഥോറിറ്റി രംഗത്തുണ്ട്.
എല്ലാ ദിവസവും രാവിലെ സായ് ഡയറക്ടർ ജനറൽ റീജണൽ തലവൻമാരുമായി വീഡിയോ കോണ്‍ഫറൻസ് നടത്തും. തുടർന്ന് ഓരോ റീജണൽ ഡയറകടർമാരും കോച്ചുമാരുമായും വീഡിയോ കോണ്‍ഫറൻസുകളും വിവിധ തരം മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നു.
ഓണ്‍ലൈൻ ഫിസിക്കൽ എഡ്യുക്കേഷൻ ക്ലാസുകളും ഇൻഡോർ കായിക പരിശീലനവുമാണ് ലോക്ക് ഡൗണിൽ സായ് സെന്ററുകളുമായി ബന്ധപ്പെട്ട താരങ്ങൾക്കും കോച്ചുകൾക്കും പറയുവാനുള്ളത്. ശാരീരിക മാനസിക കരുത്ത് ലോക്ക് ഡൗണ്‍ കാലത്തും നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
തോമസ് വർഗീസ്